കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായേക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായേക്കും

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായേക്കും . മേയ് 30നാണ് ആന്റണി ഡൊമനിക്ക് ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുന്നത്. ജൂണില്‍ കമ്മീഷന്‍ അധ്യക്ഷപദത്തില്‍ നിയമിതനാകുമെന്നാണ് വിവരം. ആന്റണി ഡൊമിനിക്കിനെ നിയമിക്കുന്നതു സംബന്ധിച്ച് വെള്ളിയാഴ്ച ധാരണയിലെത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്‍കി,

2016 ഓഗസ്റ്റില്‍ ജസ്റ്റിസ് ജെ.ബി. കോശി വിരമിച്ചശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്ഥിരം അധ്യക്ഷനില്ല. അന്നുമുതല്‍ ജസ്റ്റിസ് പി. മോഹനദാസ് ആക്ടിങ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. ജുഡീഷ്യല്‍ അംഗമായാണ് ജസ്റ്റിസ് മോഹനദാസ് 2016ല്‍ മനുഷ്യാവകാശ കമ്മിഷനില്‍ എത്തുന്നത്. പുതിയ ചെയര്‍മാന്‍ വരുന്നതോടെ ജസ്റ്റിസ് പി. മോഹനദാസ് ജുഡീഷ്യല്‍ അംഗമായി തുടരും. മുന്‍ ജില്ലാ ജഡ്ജിയായ അദ്ദേഹത്തിനു 2022 വരെ കമ്മിഷനില്‍ തുടരാം. 

ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ പ്രവര്‍ത്തിച്ചവരാകണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകേണ്ടതെന്ന് ചട്ടമുണ്ട്. കമ്മീഷനില്‍ ചെയര്‍മാനെ കൂടാതെ ഒരു ജുഡീഷ്യല്‍ അംഗവും ഒരു നോണ്‍ ജുഡീഷ്യല്‍ അംഗവുമാണുള്ളത്. ജസ്റ്റിസ് പി. മോഹനദാസ് ജുഡീഷ്യല്‍ അംഗവും കെ. മോഹന്‍കുമാർ  നോണ്‍ ജുഡീഷ്യല്‍ അംഗവുമാണ്.

പി. മോഹനദാസിന്റെ പലപരാമര്‍ശങ്ങളും തീരുമാനങ്ങളും സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. വരാപ്പുഴ കസ്റ്റഡി മരണത്തിലും ഓഖി ദുരന്തവേളയിലും സര്‍ക്കാരിനെ ജസ്റ്റിസ് പി. മോഹനദാസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോവളത്ത് കൊല്ലപ്പെട്ട വിദേശവനിതയുടെ ശവസംസ്‌കാരം നടത്തിയ സംഭവത്തിലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഇദ്ദേഹം ഉത്തരവിറക്കി. 


LATEST NEWS