ഇവൾ ആതിര, രക്താർബുദ ബാധിതയായി നാളുകളെണ്ണി കഴിയുന്ന കുഞ്ഞു മാലാഖ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇവൾ ആതിര, രക്താർബുദ ബാധിതയായി നാളുകളെണ്ണി കഴിയുന്ന കുഞ്ഞു മാലാഖ

കൗമാരകാലം പൊതുവേ ആഘോഷത്തിന്റേതാണ്. കളിച്ചും, ചിരിച്ചും വർണ്ണങ്ങൾ മാത്രമുള്ളൊരു ലോകം. എന്നാൽ ഈ കഥയിലെ നായിക ആതിരയെന്ന 14 വയസുകാരി പെൺകുട്ടിയാണ്. 4 വയസിൽ കണ്ടെത്തിയ രക്താർബുദം അതിന്റെ എല്ലാ ഭീകരതയും പത്ത് വർഷംകൊണ്ട് ഈ കുഞ്ഞിനുമുന്നിൽ ആടിത്തീർത്തുകഴിഞ്ഞു. രോ​ഗം സമ്മാനിച്ച അവശതകളുമായി തന്നെ സഹായിക്കാനാരെങ്കിലും എത്തുമെന്ന പ്രതീക്ഷ മാത്രമാണ് ഇനി ഇവൾക്കുമുന്നിലുള്ളത്. കളിച്ച്, ചിരിച്ച് നടക്കേണ്ട പ്രായത്തിൽ ഒറ്റമുറി ഷെഡിൽ നിസഹായതയോടെ കരഞ്ഞു തീർക്കുകയാണ് ആതിര തന്റെ സങ്കടങ്ങളെ. 

മലപ്പുറം പൊന്നാനിയിൽ ചക്കേത്തുവളപ്പിൽ സത്യൻ-പ്രിയ ദമ്പതികളുടെ 4 മക്കളിൽ രണ്ടാമത്തെ കുട്ടിയായ ആതിരയെന്ന പതിനാല് വയസുകാരിയാണ് ജീവിക്കാൻ നിവൃത്തിയില്ലാത സുമനസുകളുടെ സഹായം തേടുന്നത്. നാല് വയസിലാണ് ആതിരക്ക് രക്താർബുദമാണെന്ന് കണ്ടെത്തുന്നത്. അന്നു മുതൽ ഇന്നു വരെ ദിനം പ്രതി എണ്ണമറ്റ മരുന്നുകൾ ഈ കുഞ്ഞ് കഴിച്ചുകഴിഞ്ഞു. 2016 മുതൽ കരളിന് അണുബാധയുമായിത് ജീവിക്കുകയാണ് ആതിര. കരൾ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോവഴി. വൈകുന്ന ഒാരോ നിമിഷവും കുഞ്ഞിന്റെ ജീവന് ആപത്താണ്, പക്ഷേ കൂലിപ്പണിക്കാരനായ സത്യൻ 40 ലക്ഷത്തിലധികം വരുന്ന തുക എങ്ങനെ കണ്ടെത്തും എന്നറിയാതെ വിഷമിക്കുകയാണ്. 

ഫ്ളക്സ് വർക്ക് വല്ലപ്പോഴും ചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ് സത്യനുള്ളത്. പിന്നെ ലഭിക്കുന്ന കൂലിപ്പണികൾക്കും സത്യൻ പോകുന്നു, എന്നാൽ അസുഖബാധിതയായ മകളെയും കൊണ്ട് ആശുപത്രികൾ കേറിയിറങ്ങുന്നതിനാൽ തൊഴിലിനും സ്ഥിരമായി പോകാൻ വയ്യാതായി. പ്ലസ്ടുവിന് പഠിക്കുന്ന മൂത്തമകളും, 7ാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയും 3 വയസുകാരനായ ഒരാൺകുട്ടി കൂടിയും ഇവർക്കുണ്ട്. മക്കളുടെ പഠിത്തത്തിനും, ഭക്ഷണത്തിനുപോലും ഈ കുടുംബം ഇന്ന് മറ്റുള്ളവരെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. അതിനിടെയാണ്  ആതിരയുടെ കരളിന് ആണുബാധയുടെ രൂപത്തിൽ വിധി ഇവരെ പരീക്ഷിക്കുന്നത്. 


ആകെയുള്ള രണ്ടര സെന്റ് സ്ഥലത്ത് തകരത്തിന്റെ ഷീറ്റ് മേൽക്കൂരയായും, അതേ ഷീറ്റ് തന്നെ ചുമർ തീർത്തിരിക്കുന്നതാണ് ഇവരുടെ കുടുംബം. പാട്ടകൊണ്ട് നിർമ്മിച്ച അടച്ചുറപ്പില്ലാത്ത കതകിന് കാര്യമായൊരു സംരക്ഷണം നൽകാനുമില്ലിവിടെ. പൊള്ളുന്ന വേനലിൽ ഷീറ്റിന്റെ ചൂട് കാരണം കുഞ്ഞുങ്ങൾ പുറത്തുപോയിരുന്നാണ് പഠിക്കുന്നത്. സാരിയും തുണികളും കൊണ്ടാണ് ഇതിനുള്ളിൽ മറതീർത്തിരിക്കുന്നത്. പ്രയപൂർത്തിയായ പെൺമക്കളുള്ള ഈ വീട് സുരക്ഷിതമല്ലെന്ന് അറിയാമെങ്കിലും തനിക്ക് വേറെ നിവൃത്തിയില്ലെന്ന് സത്യൻ പറയുന്നു. കരളിന് അണുബാധയുള്ള ആതിരയുടെ ആരോ​ഗ്യത്തിന് ഏറെ പ്രതികൂലമാണ്  ഷീറ്റ് മേഞ്ഞ ഈ ഒറ്റമുറി ഷെഡ്. 

മഴക്കാലമായാൽ ഇഴജീവികളെത്തുന്നതിനാൽ വീടിന്റെ ഒാരോ മുക്കിലും മൂലക്കും തന്റെ കണ്ണെത്തണമെന്ന് ആതിരയുടെ അമ്മ പ്രിയ പേടിയോടെ പറയുന്നു. 4 മക്കളെയും കൊണ്ട് മഴക്കാലത്തും, വേനൽക്കാലത്തും പേടിച്ചാണ് ഞാനിവിടെ കഴിയുന്നത്. നല്ല കാറ്റും , മഴയും വന്നാൽ പേടിച്ച് ഉറങ്ങാനാവില്ലെന്നും പ്രിയ വേദനയോടെ പറയുന്നു. 


4 വയസുമുതൽ രക്താർബുദം കണ്ടെത്തിയ ആതിരക്ക് ഇന്ന് പ്രായം 14 ൽ എത്തി നിൽക്കുന്നു. കാര്യമായ ചികിത്സയോ നല്ല ഭക്ഷണമോ നൽകാൻ ഇതുവരെ തങ്ങൾക്കായിട്ടില്ലെന്നും പ്രിയ കണ്ണുനീരോടെ പറയുന്നു. അസുഖമായതിനാൽ എപ്പോഴും ആതിരക്ക് കൂടെ ഒരാൾ ആവശ്യമാണ്, അതിനാൽ കൂലിവേലക്ക് പോലും തനിക്ക് പോകാനാവില്ലെന്ന് ഈ അമ്മ പറയുന്നു. 2016 ൽ അവശതകൾ കൂടിയപ്പോൾ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കരളിന് അണുബാധ ബാധിച്ചതായി കണ്ടെത്തിയിരുന്നു. കരൾ മാറ്റിവയ്ക്കുക എത്രയും വേ​ഗമെന്ന ഡോക്ടർമാരുടെ വാക്കുകൾ വിധി നൽകിയ മറ്റൊരാഘാതമായിരുന്നു ഞങ്ങൾക്കെന്ന് ഈ മാതാപിതാക്കൾ പറയുന്നു. 40 ലക്ഷത്തിലധികം രൂപയാണ് അതിനായി വേണ്ടി വരുന്ന ചിലവ്. 

1 ലക്ഷം രൂപ ചെലവുവരുന്ന ടെസ്റ്റു അതിനു മുന്നോടിയായി നടത്തണം എന്നിരിക്കേ നിത്യവൃത്തിയ‌‌ക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന തങ്ങൾക്ക്  ഒന്നും ചെയ്യാനാവില്ലെന്ന തിരിച്ചറിവിൽ കണ്ണീരും പ്രാർഥനയുമായി ഈ കുടുംബം മുന്നോട്ട് പോകുകയാണ്. ആശുപത്രിയിലേക്കുള്ള യാത്രക്കും , മരുന്നിനുമായി എല്ലാ മാസവും വലിയൊരു തുകവേണം ആതിരക്ക്. അതുതന്നെ പലപ്പോഴും പണമില്ലാത്തതിനാൽ മുടങ്ങിയിട്ടുണ്ടെന്ന് സത്യൻ വ്യക്തമാക്കുന്നു. സഹായിക്കാൻ ആരോരുമില്ലെന്ന് കണ്ണീരോടെ പറയുന്ന, ഇടറിപോകുന്ന വാക്കുകൾക്കിടയിലും മകൾക്ക് സഹായവുമായി ആരെങ്കിലും എത്തണേയെന്ന പ്രാർഥന മാത്രമാണ് ഇവർക്കുള്ളത്. 

ആതിരയുടെ ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവയ്ക്കുക മാത്രമാണ് പോംവഴിയെന്നിരിക്കേ 40 ലക്ഷത്തിലധികം വരുന്ന തുക ഇൗ കുടുംബത്തിന് അപ്രാപ്യമാണ്. ജീവിതത്തിൽ ഒാർമ്മവച്ചനാൾ മുതൽ ദുഖങ്ങളും , ദുരിതങ്ങളും കൂട്ടിനുള്ള ഇപ്പോൾ മരണത്തെ മുഖാമുഖം കണ്ട്ആ ജീവിക്കുന്ന ആതിരയെ നല്ല മനസുള്ളവർ വിചാരിച്ചാൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകും. 

ആതിരയെ സഹായിക്കാൻ താത്പര്യമുള്ളവർക്കായി ഫോൺ നമ്പർ ചുവടെ ചേർക്കുന്നു

09744077135, 08281445712


LATEST NEWS