മതസൗഹാർദ്ദത്തിന്റെ മിശ്കാൽ പള്ളി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മതസൗഹാർദ്ദത്തിന്റെ മിശ്കാൽ പള്ളി

മാനവികതയുടെയും മതമൈത്രിയുടെയും തിളങ്ങുന്ന അടയാളമാണ് കുറ്റിച്ചിറ മിശ്കാൽ പള്ളി. നിർമ്മാണവും ചരിത്രവും വാസ്തുവിദ്യയും അക്കാലത്തെ കഥകളും എല്ലാം കൂടി മറ്റൊരു ലോകത്തായിരിക്കും നമ്മെ എത്തിക്കുക. മറ്റു ചില ദേവാലയങ്ങളാകട്ടെ അവയുടെ രൂപം കൊണ്ടായിരിക്കും നമ്മെ അത്ഭുതപ്പെടുത്തുക. 

മതസൗഹാർദ്ദത്തിനു പേരുകേട്ട കോഴിക്കോട് ഇത്തരത്തിൽ ഒരു മുസ്ലീം ദേവാലയമുണ്ട്. ആദ്യ കാഴ്ചയിൽ ഒരു ക്ഷേത്രമാണോ ഈ പണിതിരിക്കുന്നത് എന്നുഇവിടെ എത്തുന്നവരെ സന്ദേഹിപ്പിക്കുന്ന വിധത്തിലുള്ള ഒരു മുസ്ലീം ദേവാലയം. ചരിത്രവും കഥകളും ഒട്ടേറെ ഉറങ്ങുന്ന കോഴിക്കോട് കുറ്റിച്ചിറ മിശ്കാൽ പള്ളിയെക്കുറിച്ചറിയാം.

കോഴിക്കോട് നഗരത്തില്‍ നിന്നും 2.2 കിലോ മീറ്റർ അകലെ കുറ്റിച്ചിറ എന്ന സ്ഥലത്താണ് മിശ്കാൽ സുന്നി ജുമാ അത്ത് പള്ളി സ്ഥിതി ചെയ്യുന്നത്. പ്രധാനമായും രണ്ട് വഴികളാണ് ഇവിടേക്ക് എത്തിച്ചേരാനുള്ളത്. നഗരത്തിൽ നിന്നും ക്രൗൺ തിയേറ്റർ വഴി കോർട്ട് റോഡിലൂടെ വരുന്നതാണ് ഒന്ന്. ഇവിടെ എത്താനുള്ള എളുപ്പവഴിയും ഇതു തന്നെ. കോഴിക്കോട് നിന്നും ബീച്ച് റോഡ്-മീൻ ചന്ത വഴി എത്തുന്നതാണ് അടുത്ത വഴി. 2.9 കിലോമീറ്ററാണ് ഈ വഴി വരുമ്പോൾ സഞ്ചരിക്കേണ്ടത്.

 പതിനാലാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ കപ്പലുടമയായ നഹൂദാ മിശ്കാല്‍ എന്ന അറബി പ്രമുഖനാണ് പള്ളി നിര്‍മിച്ചതെന്ന് ചരിത്രം പറയുന്നു. ഇരുപതിലേറെ കപ്പലുകള്‍ സ്വന്തമായുണ്ടായിരുന്ന അദ്ദേഹം അറേബ്യന്‍ കടലിലും ചൈനാ കടലിലും നിരന്തരം യാത്ര ചെയ്തിരുന്നു. കടല്‍ യാത്രയില്‍ കപ്പലും ചരക്കും സുരക്ഷിതമായി എത്താനും തിരിച്ചുവരാനും ഉടമയും കപ്പിത്താന്‍മാരും നേര്‍ച്ചകള്‍ നേരാറുണ്ട്. 

 

ഭക്തനായിരുന്ന നഹൂദയുടെ നേര്‍ച്ചയും ആഗ്രഹവുമായിരുന്നു പട്ടണത്തില്‍ നിര്‍മിച്ച ഈ പള്ളി.  കോഴിക്കോടിന്റെ ചരിത്രം എടുത്തു നോക്കിയാൽ ഇവിടുത്തെ ഏറ്റവും പുരാചനമായ മുസ്ലീം ദേവാലയങ്ങളിലൊന്നാണ് ഇതെന്ന് മനസ്സിലാക്കാം. ഏകദേശം ഏഴു നൂറ്റാണ്ടോളം പഴക്കമുണ്ട് ഇതിനെന്നാണ് കരുതുന്നത്.

കുറ്റിച്ചിറ  മിശ്കാൽ പള്ളിയുടെ ഏറ്റവും പ്രധാനപ്പെട്ട വിശേഷങ്ങളിലൊന്ന് അത് മുന്നോട്ട് വയ്ക്കുന്ന മതസൗഹാർദ്ദം തന്നെയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതന മുസ്ലീം ദേവാലയങ്ങളിലൊന്നായ ഇത് സാമൂതിരിയുടെ ഭരണ കാലത്താണ് നിർമ്മിച്ചത്. സാമൂതിരി നഖൂദ മിശ്കാലിനു നല്കിയ സ്ഥലത്ത് അഞ്ചു നിലകളിലായി പൂർണ്ണമായും കേരളീയ വാസ്തു വിദ്യയിൽ ആണ് ഈ മുസ്ലീം പള്ളി നിർമ്മിച്ചിരിക്കുന്നത്. 

സാധാരണ നിർമ്മിതികളിൽ നിന്നും വ്യത്യസ്തമായി മരങ്ങളാണ് പള്ളിയുടെ നിർമ്മാണത്തിനു കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. അഞ്ചു നിലകളിലായി 24 തൂണുകളും 47 വാതിലുകളും ഇവിടെയുണ്ട്. 300 പേർക്ക് നമസ്കരിക്കാൻ പറ്റുന്ന വലുപ്പമാണ് ഇതിന്‌‍റെ തറയ്ക്കുള്ളത്. മരത്തടിയില്‍ തന്നെയാണ് ഇതിന്റെ തൂണുകളും ചുവരുകളും തീർത്തിരിക്കുന്നതും. പള്ളിക്ക് മിനാരങ്ങൾ ഇല്ല എന്നതും ഒരു പ്രത്യേകതയാണ്

കോഴിക്കോട്ടെ മുസ്‌ലിംകളെ പ്രദേശത്തു നിന്ന് തുരത്തുകയെന്ന ലക്ഷ്യവുമായി 1510 ജനുവരി മൂന്നിനാണ് ( ഹിജ്‌റ വര്‍ഷം 915 റമദാന്‍ 22) പോര്‍ച്ചുഗീസുകാര്‍ മിശ്കാല്‍ പള്ളി ആക്രമിച്ചത്. വാസ്‌കോഡ ഗാമയുടെ പിന്‍ഗാമിയായി കോഴിക്കോട്ടെത്തിയ പോര്‍ച്ചുഗീസ് നാവികന്‍ അല്‍ബുക്കര്‍ക്കാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. 

 

കല്ലായിപ്പുഴ കടന്ന് പട്ടണത്തില്‍ പ്രവേശിച്ച അല്‍ബുക്കര്‍ക്കിന്റെ സംഘം മിശ്കാല്‍ പള്ളി തീവയ്ക്കുകയും നശിപ്പിക്കുകയും ചെയ്തു. റമദാന്‍ 22ന് നടന്ന സംഘട്ടനത്തില്‍ അഞ്ഞൂറോളം മുസ്‌ലിം-നായര്‍ പടയാളികള്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരേ പോരാടുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് ചരിത്രം. ഈ ചരിത്ര സംഭവം ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അന്നു നടന്ന അക്രമത്തിന്റെ ശേഷിപ്പുകൾ പള്ളിയുടെ പല ഭാഗങ്ങളിലായി ഇന്നും കാണുവാൻ സാധിക്കും. പിന്നീട് നടന്ന ചാലിയം യുദ്ധത്തിൽ ചാലിയം കോട്ട തകർത്തപ്പോൾ അതിന്റെ മരത്തടികളും മറ്റും ഇവിടെ കൊണ്ടുവന്ന് പള്ളിയുടെ പുനർനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു. പ്രത്യേകതകൾ നിർമ്മാണത്തിലെ പ്രത്യേകത തന്നെയാണ് മിശ്കാൽ പള്ളിയെക്കുറിച്ച് എടുത്തു പറയേണ്ട കാര്യം. 

ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ അതിന്റേതായ പ്രാധാന്യത്തിൽ ഇന്നും ഇവിടെ സംരക്ഷിച്ചിരിക്കുന്നതു കാണാം. കേരളീയ വാസ്തു വിദ്യയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ ക്ഷേത്രക്കുളത്തിനു പകരം ഇവിടെ ചതുരക്കുളം കാണാം. മൂല്യ മായ കർമ ശാസ്ത്ര ഗ്രന്ഥങ്ങൾ, ഖാദിമാർ ഉപയോഗിച്ച പുരാതന അംഗവസ്ത്രങ്ങൾ, പല്ലക്ക്, മാസപ്പിറവി അറിയിക്കാനുള്ള തംബേറ്, തുടങ്ങിയവ ഇവിടെ ഇന്നും സൂക്ഷിച്ചിരിക്കുന്നു.

 

മതമൈത്രിയുടെ, പരസ്പര വിശ്വാസത്തിന്റെ ഉത്തമോദാഹരണമാണ് മിശ്കാൽ പള്ളി. ആരാലും തകർക്കപ്പെടാനാകാത്ത പെരുമയും പേറി ​ഗാംഭീര്യത്തോടെ തലയുയർത്തി മിശ്കാൽ പള്ളി കുറ്റിച്ചിറയിൽ നമ്മെയും കാത്തിരിക്കുന്നു.