ബോളിവുഡും, റ്റോളിവുഡും, മോളിവുഡും ഒന്നിപ്പിച്ച്  ഇന്‍ഡിവുഡ് ; ഹോളിവുഡിനെ വെല്ലാനൊരുങ്ങുന്ന ഇന്ത്യന്‍ സിനിമയിലേക്ക് ശതകോടികളുടെ നിക്ഷേപമെത്തിക്കാന്‍ ഏരീസ് ഗ്രൂപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബോളിവുഡും, റ്റോളിവുഡും, മോളിവുഡും ഒന്നിപ്പിച്ച്  ഇന്‍ഡിവുഡ് ; ഹോളിവുഡിനെ വെല്ലാനൊരുങ്ങുന്ന ഇന്ത്യന്‍ സിനിമയിലേക്ക് ശതകോടികളുടെ നിക്ഷേപമെത്തിക്കാന്‍ ഏരീസ് ഗ്രൂപ്പ്

തിരുവനന്തപുരം : ഇന്ത്യന്‍ സിനിമ മേഖലയില്‍ ശതകോടികളുടെ നിക്ഷപം നടത്താന്‍ ഒരുങ്ങുകയാണ് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. അന്വേഷണം ഡോട്ട് കോമിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും, സിഇഒയുമായ സോഹന്‍ റോയ് ഇക്കാര്യം വ്യക്തമാക്കിയത്. ബോളിവുഡെന്നും, ടോളിവുഡിനെയും, കോളിവുഡെന്നും, മോളിവുഡെന്നും വേര്‍തിരിഞ്ഞ് നില്‍ക്കുന്ന ഇന്ത്യന്‍ സിനിമയ ഒറ്റകുടക്കീഴിലാക്കുക എന്ന ഇന്‍ഡിവുഡ് ബൃഹത് പദ്ധതിയുടെ അണിയറയിലാണ് സോഹന്‍ റോയ്.

2020ഓടെ ഇന്ത്യന്‍ സിനിമയുടെ മുഖം തന്നെ പൂര്‍ണ്ണമായി മാറ്റുകയാണ് പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ലക്ഷ്യം. ഇതിനായി 10 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഈ രംഗത്തേക്ക് എത്തിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും അടിമുടി മാറ്റം വരുത്തുക. അതാണ് പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ലക്ഷ്യം. സോഹന്‍ റോയ് പറയുന്നു. 

സിനിമ നിര്‍മ്മാണം, വിതരണം, പരസ്യം, തീയേറ്ററുകള്‍, ഫിലിം ഫെസ്റ്റിവലുകള്‍, തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട എല്ലാം പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമാകും. ഇതിന്റെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും സോഹന്‍ റോയ് വ്യക്തമാക്കി.ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ ഇന്ന് ഇന്ത്യയിലുണ്ട്. പല ഹോളിവുഡ് സിനിമകളുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതും ഇന്ത്യയിലാണ്. ലോകമാര്‍ക്കറ്റിന്റെ 40 ശതമാനവും ഇന്ത്യന്‍ സിനിമയുടെ കൈവശമാണെന്നതും സോഹന്‍ റോയ് ചൂണ്ടിക്കാട്ടുന്നു. 

ഈ സാഹചര്യത്തിലാണ് ഇന്‍ഡിവുഡ് എന്ന ആശയത്തിന് പ്രസക്തിയേറുന്നത്. 4 കെ സ്റ്റാന്‍ഡേര്‍ഡ് മിനിമം മാനദണ്ഡമാക്കി ഇന്ത്യയിലെ എല്ലാ തീയേറ്ററുകളും നവീകരിക്കും. ഇതിന്റെ ആദ്യ പടിയെന്നോണമാണ് തിരുവനന്തപുരത്തെ ഏരീസ്‌പ്ലെക്‌സ് തീയേറ്റര്‍ സമുച്ചയം. പരീക്ഷണാര്‍ത്ഥത്തില്‍ രൂപം നല്‍കിയ ഈ തീയേറ്റര്‍ കോംപ്ലക്‌സിന്റെ മാതൃകയിലേക്ക് 4 കെ സ്റ്റാന്‍ഡേര്‍ഡില്‍ ഇന്ത്യയിലെ സിനിമ തീയേറ്ററുകളെ ഉയര്‍ത്തും. സോഹന്‍ റോയ് പറഞ്ഞു. 

പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായൊരുങ്ങുന്ന കുവൈത്ത് യുദ്ധത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും അദ്ദഹം പറഞ്ഞു. ലോകത്താദ്യമായി 8 കെയില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇത്. ഹോളിവുഡിനെക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യയ്ക്ക് സിനിമ നിര്‍മ്മിക്കാന്‍ സാധിക്കും എന്ന് തെളിയിക്കുക കൂടിയാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡാം 999ന്റെ സംവിധായകന്‍ കൂടിയായ സോഹന്‍ റോയ് അന്വേഷണം ഡോട്ട്‌കോമിനോട് പറഞ്ഞു.