ഭർതൃസഹോദരന്റെ രണ്ടര വയസുകാരനായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ യുവതിയും അമ്മയും അറസ്റ്റിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭർതൃസഹോദരന്റെ രണ്ടര വയസുകാരനായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ യുവതിയും അമ്മയും അറസ്റ്റിൽ

തൊടുപുഴ: ഭര്‍തൃസഹോദരന്റെ രണ്ടര വയസുകാരനായ മകനെ തട്ടിക്കൊണ്ടുപോയ യുവതിയും അമ്മയും അറസ്‌റ്റില്‍. കോട്ടയം എസ്‌.എച്ച്‌ മൗണ്ട്‌ സ്വദേശിനി കിടാരത്തില്‍ കുര്യന്റെ ഭാര്യ ആലീസ്‌ കുര്യന്‍ (69), ഇവരുടെ മകള്‍ ലിജി മെര്‍ലിന്‍ കുര്യന്‍ (36) എന്നിവരെയാണ്‌ കരിങ്കുന്നം പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. 

 ശനിയാഴ്‌ച്ച ഉച്ചയോടെയാണ്‌ സംഭവം. അബുദാബിയില്‍ ബിസിനസുകാരനായ തൊടുപുഴ പൊന്നന്താനം ആലപ്പാട്ട്‌ സൈജുവിന്റെ ഭാര്യയാണ്‌ ലിജി. സൈജുവിന്റെ സഹോദരന്റെ കുട്ടിയെയാണ്‌ ഇവര്‍ തട്ടിക്കൊണ്ടു പോയത്‌. ഇവരുടെ വിവാഹബന്ധം വേര്‍പെടുത്തുന്നതിനുള്ള നിയമനടപടികള്‍ നടന്നുവരികയാണ്‌. ഒരുമാസം മുമ്പ്‌ അവധിക്കെത്തിയ സൈജു, ഭാര്യയെയും മകനെയും സ്വന്തം വീട്ടില്‍ കൊണ്ടുവന്ന്‌ താമസിപ്പിച്ചിരുന്നു. ഒരാഴ്‌ച്ചയ്‌ക്കുശേഷം ഭാര്യ ലിജി ഇവരുടെ കോട്ടയത്തുള്ള വീട്ടിലേക്ക്‌ മടങ്ങിപ്പോയി. കഴിഞ്ഞ ഒന്നാംതീയതി വിദേശത്തേക്ക്‌ മടങ്ങിയ സൈജു, കുഞ്ഞിനെ എറണാകുളത്തുള്ള ബന്ധുവീട്ടില്‍ ഏല്‍പ്പിച്ചശേഷമാണ്‌ പോയത്‌.

കുഞ്ഞിനെ കൊണ്ടുപോകാന്‍ മാതാവ്‌ ലിജിയും ഇവരുടെ മാതാവ്‌ ആലീസും പൊന്നന്താനത്തുള്ള സൈജുവിന്റെ വീട്ടില്‍ എത്തി. എന്നാല്‍ കുഞ്ഞ്‌ ഇവിടെ ഇല്ല എന്നും ബന്ധുവിന്റെ വീട്ടിലാണെന്നും സൈജുവിന്റെ പിതാവ്‌ ഇവരെ ബോധിപ്പിച്ചെങ്കിലും ഇതു വിശ്വസിക്കാന്‍ തയാറാകാതെ പ്രകോപിതരായ ലിജിയും മാതാവ്‌ ആലീസും ഇവിടെ മുറ്റത്തുകളിച്ചുകൊണ്ടിരുന്ന സൈജുവിന്റെ സഹോദരന്റെ രണ്ടരവയസുള്ള ആണ്‍കുഞ്ഞിനെ ബലമായി പിടിച്ച്‌ കാറില്‍ കയറ്റുകയായിരുന്നു. എന്റെ കുഞ്ഞിനുപകരം നിന്റെ കുഞ്ഞിനെ ഞാന്‍ കൊണ്ടുപോകുന്നു എന്നുപറഞ്ഞാണ്‌ ഇവര്‍ കുട്ടിയെ തട്ടിയെടുത്തതെന്ന്‌ സൈജുവിന്റെ പിതാവ്‌ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ആലീസ്‌ കുര്യനാണ്‌ കുഞ്ഞിനെ ബലമായി പിടിച്ച്‌ കാറില്‍ കയറ്റിയത്‌. ഇവരാണ്‌ കേസില്‍ ഒന്നാംപ്രതി. എന്നാല്‍ പന്തികേടു തോന്നിയ കാര്‍ ഡ്രൈവര്‍ യാത്ര ചെയ്യാന്‍ വിസമ്മതിച്ചു. തുടര്‍ന്ന്‌ ഇവരുടെ ആവശ്യപ്രകാരം നടുക്കണ്ടത്തുള്ള ബന്ധുവീട്ടില്‍ എത്തിച്ചശേഷം തിരികെ പോന്നു. ഈ സമയം കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സൈജുവിന്റെ പിതാവു നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ കാര്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ വാഹനപരിശോധനയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. കാര്‍ ഡ്രൈവര്‍ നല്‍കിയ വിവരമനുസരിച്ച്‌ പ്രതികളെ ബന്ധുവീട്ടില്‍ നിന്നും പോലീസ്‌ അറസ്‌റ്റു ചെയ്‌തു.