വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
കൊട്ടാരക്കര:സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തിൽ അംഗപരിമിതരായ ദമ്പതികൾ ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കുളക്കട ലക്ഷംവീടു കോളനിക്കു സമീപം എബി സദനത്തില്‍ സജി എബ്രഹാം (55) പൊന്നമ്മ (48) എന്നിവരാണ് മരിച്ചത്. സജി കാഴ്ചവൈകല്യമുള്ളയാളും പൊന്നമ്മ കാലിനു സ്വാധീനക്കുറവുള്ളയാളുമാണ്.
ചൊവ്വാഴ്ച വൈകിട്ട് സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു.ഇതിനുശേഷം സജി സുഹൃത്തായ യുവാവിനൊപ്പം ഓട്ടോറിക്ഷയില്‍ കയറി പുറത്തേക്കു പോയി. ഈ സമയം പൊന്നമ്മ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടര്‍ന്ന് പുറത്തേക്കോടിയ പൊന്നമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മടങ്ങിയെത്തിയ സജി വീടിനുള്ളില്‍ കയറി കതകടച്ചു. ഉടനെ ഇക്കാര്യം നാട്ടുകാര്‍ പോലീസില്‍ അറിയിച്ചെങ്കിലും അവര്‍ എത്താന്‍ വൈകി. പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ സജിയുടെ മൃതദേഹമാണ് കണ്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.