377 ാം വകുപ്പില്‍ വിധി പറയുമ്പോള്‍, മാറുന്ന കാഴ്ചപ്പാടുകള്‍...സുപ്രീംകോടതിയില്‍ നിയമപോരാട്ടം തുടരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

377 ാം വകുപ്പില്‍ വിധി പറയുമ്പോള്‍, മാറുന്ന കാഴ്ചപ്പാടുകള്‍...സുപ്രീംകോടതിയില്‍ നിയമപോരാട്ടം തുടരുന്നു

സ്വവര്‍ഗാനുരാഗം പ്രകൃതി വിരുദ്ധമാണെന്നും പാപമാണെന്നുമായിരുന്നു മുന്‍കാലങ്ങളില്‍ ലോകത്തിന്‍റെ മുഴുവന്‍ കാഴ്ചപ്പാട്. മതാധിഷ്ഠിതമായ വിശ്വാസങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ പേരും അങ്ങനെ തന്നെ വിശ്വസിച്ചു പോന്നു. മിക്ക മതങ്ങളും അതിനെ അംഗീകരിക്കുകയും ചെയ്കിരുന്നില്ല. എന്നാല്‍ കാലവും ജീവിത വീക്ഷണങ്ങളും മാറിയതോടെ ലൈംഗിത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സമൂഹം പരിഗണിക്കാന്‍ തുടങ്ങി. അത്തരം വിഷയങ്ങള്‍ മുഖ്യധാരയിലെ ചര്‍ച്ചകളില്‍ ഇടംപിടിച്ചു. ഭരണകൂടങ്ങളോട് തങ്ങളുടെ അവകാശങ്ങളോട് പൊരുതാന്‍ അവര്‍ തന്നെ തയ്യാറായി. മാധ്യമങ്ങളും എല്ലാ രീതിയിലും പിന്തുണച്ചു. മുന്‍കാലങ്ങളില്‍ അത്തരം വാര്‍ത്തകള്‍ എപ്പോഴും നെഗറ്റീവ് മാത്രമായി പ്രത്യക്ഷപ്പെട്ടിരുന്നിടത്ത് പോസിറ്റീവായി മാറി. അത് സമൂഹത്തില്‍ വലിയ ചലനങ്ങളാണുണ്ടാക്കിയത്. ഇപ്പോഴും ലൈംഗിക ന്യൂനപക്ഷങ്ങളോട് മുഖം തിരിഞ്ഞു നിന്നവര്‍ പലരും പതിയെപതിയെ എന്താണെന്ന് കേള്‍ക്കാന്‍ തയ്യാറായി. പിന്നീട് അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അതവരെ കൂടുതല്‍ ധൈര്യമുള്ളവരാക്കി തീര്‍ത്തു. സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെട്ട അവര്‍ എല്ലാവര്‍ക്കും പിന്നിലല്ല ഒപ്പമെത്തിത്തുടങ്ങി എന്നതാണ് വാസ്തവം. ഏറ്റവും വലിയ മാറ്റങ്ങള്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തന്നെയാണ് വന്നത്. ഇപ്പോള്‍ സ്വവര്‍ഗരതി നിയമ വിധേയമാക്കുന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമായി. എപ്പോഴും ഉള്ളതുപോലെ തന്നെ എതിര്‍പ്പുകളും പ്രതിഷേധങ്ങളും ഇക്കാര്യത്തിലുണ്ടെങ്കിലും മുന്‍കാലങ്ങളിലെക്കാള്‍ തീവ്രത കുറഞ്ഞു എന്നത് വാസ്തവമാണ്.

നിയമ പോരാട്ടങ്ങള്‍ സുപ്രീംകോടതിയിലേക്ക് എത്തിയപ്പോള്‍

സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിയമപോരാട്ടം കുറെയായി നടക്കുന്നു. കഴിഞ്ഞ ദിവസം ഹരജിയെ പിന്തുണക്കുന്നവരോടും എതിര്‍ക്കുന്നവരോടും വെള്ളിയാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് സുപ്രീംകോടതി പറ‍ഞ്ഞിരിക്കുന്നത്. സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഐപിസി 377 ാം വകുപ്പിനെ ചോദ്യം ചെയ്താണ് ഹരജികള്‍ കോടതിയില്‍ നിലനില്‍ക്കുന്നത്. ഏകദേശം 25 ലധികം രാജ്യങ്ങളില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് വിവാഹം കഴിച്ച് ജീവിക്കാം എന്നുള്ള നിയമം ഉണ്ട്. അതിന് കാരണം അവര്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് ജീവിക്കണ്ട എന്നുള്ളത് കൊണ്ടാണ്.
സാമൂഹ്യ ധാര്‍മികത കാലത്തിനൊത്ത് മാറുന്നതാണെന്നും ഒരു വിഭാഗം ആളുകള്‍ക്ക് എന്നും ഭയത്തില്‍ ജീവിക്കാന്‍ ആകില്ലെന്നുമായിരുന്നു കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നത്. സംഗീത നാടത അക്കാദമി അവാര്‍ഡി ജേതാവായ നര്‍ത്തകി നവ്തേജസ് സിംഗ് ജോഹര്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ മെഹ്റ എന്നിവരടക്കം അഞ്ച് പേരാണ് 377 ാം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

 

ഇനി ഇന്ത്യയിലെ നിയമ വ്യവസ്ഥകളിലേക്ക് വരാം. 1860ല്‍ ഇന്ത്യയുള്‍പ്പെടെയുള്ള കോളനികളില്‍ ബ്രീട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമാണ് ഇപ്പോള്‍ നിലവിലുള്ളത്.മനുഷ്യലൈംഗികതയിലെ ഒരു വ്യതിയാനം മാത്രമാണ് സ്വവര്‍ഗ ലൈംഗികതയെന്നുള്ള കാഴ്ചപ്പാടാണ് ഇന്ന് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യമസ്തിഷ്കത്തിലെ മീഡിയല്‍ ടെംപോറല്‍ ലോബില്‍ ഉള്ള സ്വാഭാവിക മാറ്റങ്ങള്‍ മൂലമാണെന്നും പഠനങ്ങള്‍ പറയുന്നു. സ്വവര്‍ഗാനുരാഗം ഒരു രോഗമല്ലെന്നും സ്വാഭാവികമാണെന്നും ചികിത്സ ആവശ്യമില്ലെന്നും 2018ല്‍ ഇന്ത്യന്‍ സൈക്കാട്രിക് സൊസൈറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ സുപ്രീംകോടതിയും പറഞ്ഞിരിക്കുന്നത്. സ്വകാര്യത മൗലികാവകാശമാണെന്ന വിധിക്ക് ശേഷം ലൈംഗിക പങ്കാളിയെ തെര‍ഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്‍റെ നിര്‍വചനം കുറെക്കൂടി വ്യക്തമായി പറയേണ്ടതുണ്ടെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. 2014 ലായിരുന്നു ഐപിസി 377 ശരിവെച്ചത്. ഇതാണ് ഇപ്പോള്‍ പുനപ്പരിശോധനക്കെത്തിയിരിക്കുന്നത്. നിയമം ജീവിതത്തിനൊപ്പമാണ് സഞ്ചരിക്കേണ്ടത് എന്ന കാഴ്ചപ്പാടാണ് സുപ്രീംകോടതിക്കുള്ളത് . ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എം എം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഈ വിഷയത്തില്‍ വാദം കേള്‍ക്കുന്ന്. സ്വവര്‍ഗാനുരാഗികള്‍ എത്രയുണ്ടെന്ന് കണ്ടെത്തുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പലരും ഇത് പുറത്ത് പറയാന്‍ മടിക്കുന്നു. സമൂഹം കല്ലെറിയും എന്നത് തന്നെ കാരണം. എങ്കിലും വിവിധ തരത്തിലുള്ള പഠനങ്ങള്‍ മുന്‍കാലങ്ങളില്‍ നടത്തിയത് പ്രകാരം ഒരു കൂട്ടം ആളുകളില്‍ ഇരുപത് ശതമാനത്തിലേറെ പേര്‍ സ്വവര്‍ഗരതി ആഗ്രഹിക്കുന്നവരാണെന്നാണ്. 2009 ജൂലൈ 2 ന് ദില്ലി ഹൈക്കോടതി നടത്തിയ ഒരു വിധിയില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടാമെന്ന് ദില്ലി ഹൈക്കോടതി വിധി വന്നു. എന്നാല്‍ ഈ വിധിക്കെതിരെ വിവിധ മതസംഘടനകള്‍ രംഗത്ത് വന്നു. അവരുടെ അപ്പീലില്‍ സുപ്രീംകോടതി സ്വവര്‍ഗരതി ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി നിര്‍വചിക്കുന്ന 377ാം വകുപ്പില്‍ ഭരണഘടനാ പ്രശ്നമില്ലെന്ന് വിധിച്ചു. ഇതോടെ ഡല്‍ഹി ഹൈക്കോടതി വിധിയെ സുപ്രീംകോടതി തള്ളി. ഇത് ഇന്ത്യന്‍ വിശേഷവിധിയുടെ ഭാഗമായി. ഇനി സുപ്രീംകോടതി ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ പാര്‍ലമെന്‍റില്‍ നിയമഭേദഗതിയിലൂടെ മാത്രമേ ഇക്കാര്യത്തില്‍ നിയമ നടപടികള്‍ക്ക് സാധുതയുള്ളൂ.

ഐഡന്‍റിറ്റി ക്രൈസിസ്
സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താന്‍ കഴിയാത്തതിന്‍റെ ചര്‍ച്ചകള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. വ്യക്തിത്വം മറച്ചുവെച്ച് ജീവിക്കേണ്ടിവരുന്നതിന്‍റെ വിഷമതകള്‍ ഏറെ ചര്‍ച്ച ചെയ്യുന്നു. ഗേ ഐഡന്‍റിറ്റി ഇന്ത്യയില്‍ പലരും വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയവരെ സമൂഹം വളരെയധികം ക്രൂശിക്കുകയും ചെയ്തിട്ടുണ്ട്. ബോളീവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ആ വിഭാഗത്തില്‍ പെടുന്നയാളാണ്. സ്വവര്‍ഗാനുരാഗി എന്ന വാക്കിന്‍റെ പല വകഭേദങ്ങളോട് ചേര്‍ത്താണ് എന്‍റെ പ്രഭാതം ആരംഭിക്കുന്നതെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ നിങ്ങളുടെ പരിഹാസങ്ങള്‍ ഇനിമേല്‍ എന്നെ അസ്വസ്ഥമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അടുത്ത കാലത്ത് മുസ്ലിം യുവാവ് ഞാന്‍ ഗേ ആണെന്ന് വെളിപ്പെടുത്തല്‍ നടത്തി. സമൂഹത്തില്‍ അന്ന് അത് വലിയ കോലാഹലം തന്നെയാണുണ്ടാക്കിയത്. കേരളത്തിലെ എല്‍ജിബിടി സംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്വിയറള എന്ന സംഘടനയുടെ ബോര്‍ഡ് മെംബറും രണ്ട് പുരുഷന്‍മാര്‍ ചുംബിക്കുമ്പോള്‍- മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും എന്ന പുസ്തകത്തിന്‍റെ രചയിതാവുമായ കിഷോര്‍കുമാര്‍ 377 നിയമം വന്നാല്‍ പ്രതീക്ഷ എത്രത്തോളമുണ്ടെന്നതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. ''ഇന്ത്യയിലെ  സ്വവർഗപ്രേമികൾക്ക് ഏറ്റവും പ്രധാനമായ വിധിയാണ്  സ്വവർഗലൈംഗികത നിയമ വിധേയമാക്കുക എന്നത്. സ്വന്തം സ്വത്വം  വീട്ടുകാരോട്  തുറന്നുപറയാൻ സാധിക്കാത്തവരാണ് മാനസിക സംഘർഷത്തിലും വിഷാദത്തിലും ആത്മഹത്യയിലും ഒളിച്ചോട്ടത്തിലും നിർബന്ധിത വിവാഹത്തിലും എല്ലാം ചെന്ന് പെടുന്നത്. ഗേ/ലെസ്ബിയൻ ആണെന്ന് തുറന്നു പറയാൻ കഴിഞ്ഞാൽ മാത്രമേ ആരോഗ്യകരമായ ലൈംഗികജീവിതവും  പ്രണയങ്ങളും ജീവിതപങ്കാളിയും എല്ലാം സാധ്യമാവൂ'.

സമൂഹത്തില്‍ പൊതുവെയുള്ള വിശ്വാസത്തിന് മാറ്റം വന്നിട്ടില്ല

മതസംഘടനകള്‍ ഇക്കാര്യത്തില്‍ ഇന്നും എതിര്‍പ്പ് തന്നെയാണ്. പുരുഷനും സ്ത്രീകളും തമ്മില്‍ മാത്രമേ ലൈംഗിക ബന്ധം അനുവദിച്ചിട്ടുള്ളൂ എന്നാണ് ബൈബിളില്‍ പറയുന്നത്. അതും വിവാഹിതരായ സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍. അല്ലാത്തത് പാപമായിട്ടാണ് ക്രിസ്ത്യന്‍ സഭകള്‍ കണക്കാക്കുന്നത്. (ഉല്‍പ്പത്തി 1:27,28; ലേവ്യപുസ്തകം 18:22; സദൃശവാക്യങ്ങള്‍ 5:18,19) മറ്റ് മതങ്ങളും ഇക്കാര്യത്തില്‍ മതാധിഷ്ഠിതമായി അനുകൂലിക്കുന്നില്ല. മുസ്ലിം വിഭാഗവും ഇതിനെ അനുകൂലിക്കുന്നില്ല. എന്നാല്‍ മതത്തിനതീതമാണ് ലൈംഗിക സമത്വം എന്ന കാഴ്ചപ്പാട് ഇന്ന് കുറെക്കൂടി തെളിഞ്ഞ് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതി കൃത്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളട്ടെ എന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം. ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യം പലപ്പോഴും ഉണ്ടാകുന്നില്ല എന്നതാവാം കാരണം. സാധാരണ സമൂഹത്തിന് ഇന്നും രണ്ട് വകഭേദങ്ങളാണ് . പുരുഷനും സ്ത്രീയും. ഇന്ത്യയിലും കേരളത്തിലുമാണെങ്കില്‍ ഇവര്‍ തമ്മിലുള്ള ബന്ധമാണ് ശരിയെന്നാണ് വിശ്വാസം. അത്തരം വിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണ് സിംഹഭാഗവും. അതുകൊണ്ടു തന്നെയാണ് നിയമം ഭേദഗതി ചെയ്യുന്നതില്‍ ഇപ്പോഴും എതിര്‍പ്പുകള്‍ അതേപടി നിലനില്‍ക്കുന്നത്.


LATEST NEWS