നവരാത്രിയുടെ അവസാനദിവസം; സർവ സിദ്ധികളുടെയും ഉടമയായ ദേവിയെ പൂജിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നവരാത്രിയുടെ അവസാനദിവസം; സർവ സിദ്ധികളുടെയും ഉടമയായ ദേവിയെ പൂജിക്കുന്നു

ദേവി സിദ്ധിദാത്രിയായി വിളങ്ങുന്ന നാളാണ് നവരാത്രിയുടെ അവസാനദിവസമായ ഒമ്പതാം നാൾ (ഒക്ടോബർ 07)   സർവ സിദ്ധികളുടെയും ഉടമയായ ദേവിയെ പൂജിക്കുകയാണ് ഈ ദിനത്തിൽ  ചെയ്യുന്നത് . സിദ്ധിദാത്രി സർവ്വതും തരുന്നവളാണ്. അറിവിന്റെ ദേവതയാണ്. ദുര്‍ഗ്ഗമാസുരൻ  തട്ടിക്കൊണ്ടുപ്പോയി ഗൂഢമായി വെച്ച വേദത്തെ (അറിവിനെ) തിരിച്ച് എല്ലാവര്‍ക്കും അനുഭവരൂപത്തിൽ  കൊണ്ടുവരുന്ന ദിവസം എന്ന പ്രത്യേകതയുള്ള ദിവസമാണ് . 

ഭക്തന് എല്ലാവിധ കഴിവുകളും സിദ്ധികളും നൽകി അനുഗ്രഹിക്കുന്ന ദേവിയാണ് സിദ്ധിദാത്രി.താമരപൂവില്‍ ഇരിക്കുന്ന ചതുർഭുജയായ   ദേവിയുടെ വലതുകൈകളില്‍ ചക്രവും ഗദയും ഇടതുകൈകളില്‍ ശംഖും, താമരയും ഉണ്ട് . ഭഗവാൻ പരമശിവന് സർവസിദ്ധികളും ലഭിച്ചത് സിദ്ധിദാത്രി ദേവിയുടെ അനുഗ്രഹത്താലാണെന്നും അതിനാൽ തന്റെ പാതി ദേവിക്ക് നല്കി ഭഗവാൻ  അര്‍ദ്ധനാരീശ്വരനായെന്നുമാണ് പുരാണത്തിൽ പറയുന്നത്. സ്വർണവർണത്തോടുകൂടിയ ദേവി ദാനപ്രിയയും   അഷ്ടൈശ്വര്യപ്രദായനിയുമാണ് . നവഗ്രഹങ്ങളിൽ കേതുവിന്റെ ദേവതയാണ് സിദ്ധിദാത്രി.