ഹേമലത ഇവിടെ കാത്തിരിക്കുകയാണ്... നന്മയുടെ കരങ്ങള്‍ നോക്കി!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹേമലത ഇവിടെ കാത്തിരിക്കുകയാണ്... നന്മയുടെ കരങ്ങള്‍ നോക്കി!

 'എന്റെ മോള്  ഒന്നു എഴുന്നേറ്റ് നിന്ന് കണ്ടാല്‍ മതി'. മുതലമട വെള്ളാരംകടവ് ബാപുപതി കോളനിയിലെ ധന ലക്ഷ്മിയുടെ വാക്കുകളാണ്. സെന്തില്‍കുമാര്‍ ധനലക്ഷ്മി ദമ്പതികളുടെ നാലാമത്തെ മകളാണ് ഹേമലത. സാമാന്യത്തിലധികം വലിപ്പുമുള്ള തലയുമായി ജനിച്ച കുട്ടി. അച്ഛന് മാവിന്‍തോട്ടത്തില്‍ കീടനാശിനി തളിക്കലായിരുന്നു ജോലി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പിറന്ന കുഞ്ഞിന്റെ തലയില്‍ രൂപപ്പെട്ട നീര് ഡോക്ടര്‍മാര്‍ പുറത്തെടുത്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. ഇതുവരെ രണ്ട് ശസ്ത്രക്രീയകളാണ് ഈ നാലു വയസുകാരിയില്‍ നടത്തിയത്.

നീര് പുറത്തെടുക്കാനായി തലയില്‍ നിന്ന് കഴുത്തിലേക്ക് ട്യൂബ് ഇട്ടിട്ടുണ്ട്. അസാധാരണ വലിപ്പവുമായി ജനിച്ച കുഞ്ഞിനെ കാണാന്‍ തുടക്കത്തില്‍ കോളനിയില്‍ എത്തിയവരാരും പിന്നെ ആ വഴി വന്നിട്ടില്ല. സര്‍ക്കാരില്‍ നിന്നോ മറ്റ് സംഘടനകളില്‍ നിന്നോ ഒരു സഹായവും ഇന്നേവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മകളുമായി ചെന്നെങ്കിലും നിരാശയായിരുന്നു ഫലം.

വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇന്ന് ഇവരെ അനുവദിക്കുന്നില്ല. പോഷകാഹാരം പോലും തന്റെ മകള്‍ക്ക് വാങ്ങി നല്‍കാന്‍ കഴിയുന്നില്ലെന്ന സങ്കടമാണ് അമ്മ ധനലക്ഷ്മിക്ക്. അച്ഛന്‍ സെന്തില്‍ കുമാര്‍ കൂലിപ്പിണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അഞ്ചംഗ കുടുംബം കഴിയുന്നത്. ആദ്യം ജനിച്ച രണ്ടു കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഹേമലതയുടേതിന് സമാനമായി ജനിച്ച മൂന്നാമത്തെ കുട്ടി പിറന്നുവീണയുടന്‍ മരണപ്പെട്ടിരുന്നു.

തന്റെ മകളില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും പ്രാര്‍ത്ഥന വെറുതെയാകില്ലെന്നും പറയാനെ ഈ അമ്മ മനസിന് കഴിയുന്നുള്ളൂ. കേരളത്തിലെ മാംഗോ സിറ്റിയായ മുതലടമടയിലെ മാവിന്‍തോട്ടങ്ങളില്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കീടനാശിനികളാണ് പ്രയോഗിക്കുന്നത്. ഹേമലതയെ പോലെ തന്നെ നിരവധി കുട്ടികള്‍ വിവിധ കോളനികളിലായി ഇപ്പോഴും നരകയാതന അനുഭവിക്കുന്നുണ്ട്


LATEST NEWS