വേണമെന്ന് വച്ചിട്ടല്ല മോഷ്ടിച്ചത്...ഒരു അസുഖമായിപ്പോയത്രേ! അറിയാം എന്താണ് ക്ളെപ്റ്റോമാനിയ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വേണമെന്ന് വച്ചിട്ടല്ല മോഷ്ടിച്ചത്...ഒരു അസുഖമായിപ്പോയത്രേ! അറിയാം എന്താണ് ക്ളെപ്റ്റോമാനിയ?

എന്താണ് ക്ളെപ്റ്റോമാനിയ?

ഫ്രഞ്ച് മന:ശാസ്ത്രജ്ഞരായ എസ്ക്വിറോളും മാർക്കും ആണ് ആദ്യമായി ക്ളെപ്റ്റോമാനിയ (kleptomania) എന്ന വാക്ക് ലോകത്തിനു പരിചയപ്പെടുത്തുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു ഇത്. അപ്രതിരോധ്യമായ ആന്തരിക പ്രേരണയാൽ മോഷണം നടത്തുകയും അത് ആവർത്തിക്കുകയും ചെയ്യുന്നതിനെയാണ് ക്ളെപ്റ്റോമാനിയ എന്ന് പറയുന്നത്. കടയിൽ നിന്നുള്ള സാധനങ്ങൾ, ഓഫീസിൽ നിന്ന് സഹപ്രവർത്തകരുടെ സാധനങ്ങൾ, പണം, സുഹൃത്തുക്കളുടെ സാധനങ്ങൾ തുടങ്ങിയവയായിരിക്കും മിക്കപ്പോഴും ക്ളെപ്റ്റോമാനിയ ബാധിച്ചവർ മോഷ്ടിക്കുന്നത്. മിക്ക കേസുകളിലും മോഷണവസ്തു വിലയുള്ളതോ മോഷ്ടിക്കുന്ന ആൾക്ക് ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുന്നതോ ആയിരിക്കില്ല.

പൊതുസമൂഹത്തിൽ, ശരാശരി 0.6% ആളുകൾക്ക് ക്ളെപ്റ്റോമാനിയ ബാധിച്ചതായി കണക്കാക്കപ്പെടുന്നു. കടയിൽ നിന്നുള്ള മോഷണത്തിന് അറസ്റ്റു ചെയ്യപ്പെട്ടവരിൽ 3.8-24% പേർക്ക് ക്ളെപ്റ്റോമാനിയ ബാധയുള്ളതായും കണക്കുകൾ സൂചിപ്പിക്കുന്നു. ക്ളെപ്റ്റോമാനിയ ബാധയുടെ സ്ത്രീ-പുരുഷ അനുപാതം 3:2 ആണ്. ക്ളെപ്റ്റോമാനിയ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരിൽ പലരും ചികിത്സ തേടാൻ മടിക്കുന്നത് അപമാനഭീതിയും നിയമനടപടികളും ഭയന്നാണ്.

ക്ളെപ്റ്റോമാനിയയുടെ ലക്ഷണങ്ങൾ

ക്ളെപ്റ്റോമാനിയയുടെ ലക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

ഒരാൾക്ക് തനിക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ പോലും മോഷ്ടിക്കുന്നതിനുള്ള ആന്തരിക പ്രേരണയെ തടയാൻ കഴിയാതെയിരിക്കുക.

മോഷണത്തിനു മുമ്പ് പിരിമുറുക്കം വർദ്ധിക്കുക

മോഷണം നടത്തുമ്പോൾ സന്തോഷവും തൃപ്തിയും ആശ്വാസവും തോന്നുക

മോഷണത്തിനു ശേഷം കുറ്റബോധം, സ്വന്തം പ്രവൃത്തിയോടുള്ള വെറുപ്പ്, പശ്ചാത്താപം അല്ലെങ്കിൽ നിയമനടപടികളോട് ഭയം എന്നിവ തോന്നുക.

മോഷണത്തിനുള്ള ത്വര വീണ്ടും ഉണ്ടാവുകയും വീണ്ടും ആവർത്തിക്കുകയും ചെയ്യുക.

മറ്റു മോഷ്ടാക്കളെ പോലെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയായിരിക്കില്ല ക്ളെപ്റ്റോമാനിയ ബാധിച്ചവർ മോഷണം നടത്തുന്നത്. ഇത്തരക്കാർ മോഷണം നടത്താനുള്ള ത്വര അടക്കാനാവാതെ നൈസർഗികമായിട്ടായിരിക്കും മോഷണം നടത്തുന്നത്.

 

ക്ളെപ്റ്റോമാനിയയുടെ കാരണങ്ങൾ

ക്ളെപ്റ്റോമാനിയയുടെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇനി പറയുന്നവ ഇതിന് കാരണങ്ങളായേക്കാം;

കുടുംബ പാരമ്പര്യം: ബന്ധുക്കളിൽ ആർക്കെങ്കിലും ക്ളെപ്റ്റോമാനിയ ഉണ്ടെങ്കിൽ അതിനുള്ള അപകടസാധ്യത കൂടുതലാണ്.

ലിംഗം: സ്ത്രീകളിലാണ് ക്ളെപ്റ്റോമാനിയ കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെടുന്നത്.

തലച്ചോറിലെ രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥ: ക്ളെപ്റ്റോമാനിയയെ തലച്ചോറിലെ സെറോട്ടോണിൻ നിലയുമായി ബന്ധപ്പെടുത്താവുന്നതാണ്. ഇത്തരം സ്വഭാവവിശേഷമുള്ളവരിൽ സെറോട്ടോണിൻ നില കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കണ്ടീഷനിംഗ്: പ്രാരംഭ ദശയിൽ മോഷണത്തിന് ശിക്ഷിക്കപ്പെട്ടില്ല എങ്കിൽ ഇത്തരം സ്വഭാവം തുടരും.

മറ്റു മാനസിക പ്രശ്നങ്ങൾ: ക്ളെപ്റ്റോമാനിയ ബാധിച്ചവർക്ക് ഉത്കണ്ഠാരോഗം, ബൈപോളാർ ഡിസോഡർ, മയക്കുമരുന്ന് ദുരുപയോഗം തുടങ്ങി നിരവധി മാനസിക പ്രശ്നങ്ങൾ അടിക്കടി ഉണ്ടാകാം.

ക്ളെപ്റ്റോമാനിയ എങ്ങനെ കണ്ടുപിടിക്കാം?

ഡോക്ടർ നിങ്ങളിൽ ഉണ്ടാകുന്ന പ്രേരണകളെ കുറിച്ചും ലക്ഷണങ്ങളെ കുറിച്ചും ചോദിച്ചറിയും. സ്വയം വിലയിരുത്തുന്നതിനായി ഒരു ചോദ്യാവലിയും നൽകും.

ക്ളെപ്റ്റോമാനിയയ്ക്കുള്ള ചികിത്സ

നിയമ നടപടികളോടുള്ള ഭയം, ലജ്ജ അല്ലെങ്കിൽ മാനഹാനി എന്നിവ മൂലം ക്ളെപ്റ്റോമാനിയ ബാധിച്ചവർ ചികിത്സ തേടാതിരിക്കാം. ഒരാൾക്ക് തനിയെ ഈ മാനസികാവസ്ഥയെ മറികടക്കാൻ പ്രയാസമാണ്. ഇതിനായി മനോരോഗ ചികിത്സയും മരുന്നുകളും വേണ്ടിവരും.

ഡോക്ടറും രോഗിയും തനിയെ ഉള്ളതോ ഒന്നിലധികം പേരെ ഉൾപ്പെടുത്തിയുള്ളതോ ആയ സെഷനുകളിലായിരിക്കും ചികിത്സ. ക്ളെപ്റ്റോമാനിയക്കൊപ്പം മറ്റെന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്നും പരിശോധിക്കും. ചികിത്സയിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

 

അവബോധ പെരുമാറ്റ ചികിത്സ

കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ചികിത്സ

അവബോധ പെരുമാറ്റ ചികിത്സ (കൊഗിനിറ്റീവ് ബിഹേവിയറൽ തെറാപ്പി): ഒരാളുടെ നിഷേധാത്മകമായ സ്വഭാവങ്ങളും വിശ്വാസങ്ങളും തിരിച്ചറിയുകയും പകരം ആരോഗ്യകരമായ പെരുമാറ്റവും വിശ്വാസങ്ങളും സന്നിവേശിപ്പിക്കലുമാണ് ചികിത്സകൊണ്ട് ലക്ഷ്യമിടുന്നത്. ക്ളെപ്റ്റോമാനിയ മൂലമുള്ള ഉൾപ്രേരണകളെ അതിജീവിക്കാനുള്ള സമീപനങ്ങൾ ഇതിലൂടെ നൽകുന്നു.

സാധാരണഗതിയിൽ, ക്ളെപ്റ്റോമാനിയക്ക് മരുന്നുകൾ നൽകി ചികിത്സിക്കാറില്ല. എന്നിരുന്നാലും, ചില അവസരങ്ങളിൽ ചില മരുന്നുകൾ പ്രയോജനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ക്ളെപ്റ്റോമാനിയ പ്രതിരോധം

ക്ളെപ്റ്റോമാനിയയുടെ കാരണങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ, അത് പ്രതിരോധിക്കുന്നതിനും തെളിയിക്കപ്പെട്ട മാർഗങ്ങളൊന്നുമില്ല.

 

അടുത്ത നടപടികൾ

നിങ്ങൾ ക്ളെപ്റ്റോമാനിയ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുവെങ്കിൽ വിദഗ്ധരുടെ സഹായം തേടുക. ചികിത്സ തേടുന്നത് മൂലം ക്ളെപ്റ്റോമാനിയ മൂലമുള്ള ആന്തരിക പ്രചോദനങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയും.