ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഒത്തുകളിക്കാന്‍ കോഴ വാങ്ങിയതായി രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ധാര്‍ഥ് ത്രിവേദി പോലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഭയം മൂലം പിന്നീട് പണം മടക്കി നല്‍കി നീക്കത്തില്‍നിന്ന് പിന്‍മാറിയെന്നും അദ്ദേഹം പറഞ്ഞു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയ മൊഴി, ഐപിഎല്‍ കോഴക്കേസില്‍ തങ്ങളുടെ വാദങ്ങള്‍ക്ക് ബലമേകുമെന്നാണ് പോലീസിന്റെ വിശ്വാസം. പ്രോസിക്യൂഷന്‍ സാക്ഷിയായാണ് ത്രിവേദിയെ പോലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു ലക്ഷം രൂപ ഒത്തുകളിക്കുന്നതിനായി കോഴയായി വാങ്ങിയെന്നതാണ് സിദ്ധാര്‍ഥ് ത്രിവേദിയുടെ വെളിപ്പെടുത്തല്‍. ആദ്യം ഒരു ലക്ഷം രൂപയും തുടര്‍ന്ന് രണ്ടു ലക്ഷം രൂപയുമാണ് കോഴയായി വാങ്ങിയത്. ദീപക് ശര്‍മ്മ, സുനില്‍ ഭാട്ടിയ എന്നീ വാതുവയ്പ്പുകാരില്‍നിന്നാണ് പണം വാങ്ങിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഒത്തുകളിക്കു കൂട്ടുനിന്ന ഐപിഎല്‍ താരങ്ങളെ പിടികൂടിയതോടെ ഭയമായി. ഇതോടെ ഭയന്നു പോയ താന്‍ ഒത്തുകളിക്കാന്‍ സാധ്യമല്ലെന്നു പറഞ്ഞു പണം മടക്കി നല്‍കുകയായിരുന്നുവെന്നും ത്രിവേദി വെളിപ്പെടുത്തി.
2010ല്‍ മറ്റൊരു രാജസ്ഥാന്‍ റോയല്‍സ് താരമായ അമിത് സിംഗാണ് സ്പോട്ട് ഫിക്സിംഗിനെക്കുറിച്ച്ആദ്യം ത്രിവേദിയോടു പറഞ്ഞത്. ഇയാളെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2011ല്‍ അജിത് ചാന്ദിലയാണ് ദീപക് ശര്‍മ്മയുമായി പരിചയപ്പെടുത്തിയത്. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ചിലുള്ള മാളിലേക്കു കൂട്ടിക്കൊണ്ടുപോയ ചാന്ദില തനിക്ക് വില കൂടിയ വസ്ത്രങ്ങളും മറ്റും വാങ്ങിത്തന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ നടന്ന ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കണമെന്ന് ചാന്ദില ആവശ്യപ്പെട്ടു. അവിടെവച്ചാണ് സ്പോട്ട് ഫിക്സിംഗ് ചര്‍ച്ച ചെയ്തത്. ചാന്ദിലയെ രാജസ്ഥാന്‍ റോയല്‍ ടീമിലേക്ക് നിര്‍ദേശിച്ചത് താനാണെന്നും ത്രിവേദി വെളിപ്പെടുത്തി. ബൌളര്‍ക്കായി തേടിയിരുന്ന ടീമിനോട് ചാന്ദിലയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ട്രയല്‍സിനെത്താന്‍ ടീം ചാന്ദിലയോടു നിര്‍ദേശിക്കുകയും ട്രയല്‍സിനു ശേഷം ടീമില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ഐപിഎല്‍ തുടങ്ങിയപ്പോള്‍ ദീപക് ശര്‍മ്മയു ഭാട്ടിയയും തന്നെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് താന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ ഒരു ഹോട്ടലിലെത്താന്‍ ശര്‍മ്മ നിര്‍ബന്ധിച്ചു. തുടര്‍ന്ന് അങ്കീത് ചവാനും മറ്റു ക്രിക്കറ്റ് താരങ്ങള്‍ക്കുമൊപ്പം അവിടെയെത്തി. എന്നാല്‍ ഒത്തുകളിക്ക് കൂട്ടുനില്‍ക്കാന്‍ ഭയമാണെന്നു വ്യക്തമാക്കി പിന്‍മാറുകയായിരുന്നുവെന്നും സിദ്ധാര്‍ഥ് ത്രിവേദി നല്‍കിയ മൊഴിയില്‍ പറയുന്നു.
')), 0, 200, '...');
?>