അണ്ടര്‍ 19 ഫുട്ബോള്‍: ഇന്ത്യന്‍ യുവനിരയ്ക്ക് ഫ്രാന്‍സിനോട് പരാജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അണ്ടര്‍ 19 ഫുട്ബോള്‍: ഇന്ത്യന്‍ യുവനിരയ്ക്ക് ഫ്രാന്‍സിനോട് പരാജയം

സാഗ്രെബ്: ക്രൊയേഷ്യയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് പരാജയം. കരുത്തരായ ഫ്രാന്‍സാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഫ്രഞ്ച് പടയുടെ വിജയം. 

ഗോള്‍കീപ്പര്‍ പ്രഭാഷുഖാന്‍ ഗില്ലിന്‍റെ മികച്ച സേവുകളാണ് ഇന്ത്യയെ വലിയ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. തുടക്കം മുതല്‍ കളിയുടെ നിയന്ത്രണം ഫ്രാന്‍സിനു തന്നെയായിരുന്നു. എന്നാല്‍ തങ്ങളുടെ പരിമിതിക്കുള്ളില്‍ ഇടയ്ക്കിടെ ശക്തമായ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ ടീമിനായി. 18ാം മിനിറ്റിലാണ് ഇന്ത്യ ആദ്യ ഗോള്‍ വഴങ്ങിയത്. പിന്നീടുള്ള ആദ്യ പകുതിയില്‍ പ്രതിരോധം ശക്തമാക്കിയ ഇന്ത്യയ്‌ക്കെതിരേ രണ്ടാം ഗോള്‍ കണ്ടെത്താന്‍ ഫ്രഞ്ച് പടയ്ക്കായില്ല. രണ്ടാം പകുതിയില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ച ഇന്ത്യ പലവട്ടം എതിരാളികളുടെ ബോക്‌സില്‍ പന്തുമായി കടന്നെത്തി. 65ാം മിനിറ്റില്‍ സമനില ഗോളിനായി് ഇന്ത്യയ്ക്ക് മികച്ചൊരവസരം ലഭിച്ചെങ്കിലും അങ്കിതിന്റെ ഷോട്ട് ക്രോസ് ബാറില്‍ നിന്ന് പോയിന്റ് വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. തുടര്‍ന്ന് ഫ്രാന്‍സ് 73ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി.

ഇനി സെര്‍ബിയയിലേക്കാണ് ഇന്ത്യന്‍ കുട്ടികള്‍ കളിക്കാന്‍ പോകുന്നത്. സെപ്റ്റംബര്‍ 13, 17 തീയതികളില്‍ സെര്‍ബിയന്‍ അണ്ടര്‍ 19 ടീമുമായി ഇന്ത്യയ്ക്ക് സൗഹൃദ മത്സരങ്ങളുണ്ട്.


LATEST NEWS