ഓവൽ ടെസ്റ്റിലും പൊട്ടി ഇന്ത്യ; കുക്കിന് വിജയത്തോടെ മടക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓവൽ ടെസ്റ്റിലും പൊട്ടി ഇന്ത്യ; കുക്കിന് വിജയത്തോടെ മടക്കം

അണയുന്നതിന് മുൻപ് ഒന്ന് ആളിക്കത്തിയതിനു ശേഷം ഇന്ത്യ ഇംഗ്ളണ്ടിന് മുന്നിൽ നാലാം തവണയും തോറ്റു. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ളണ്ട് 4 - 1 ന് ഇന്ത്യയെ തകർത്തു. നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയ ഇംഗണ്ടിന് ഈ മത്സരം പ്രാധാന്യമുള്ളതായിരുന്നില്ല. എന്നാൽ ഇംഗ്ളണ്ടിന്റെ എക്കാലത്തെയും മികച്ച താരം അലിസ്റ്റർ കുക്കിന്റെ വിരമിക്കൽ പ്രഖ്യാപിച്ചതോടെ വിജയിക്കാൻ ഒരുങ്ങി തന്നെ ഒരുങ്ങി ഇറങ്ങി അവർ. ഇതോടെ കുക്കിന് വിജയത്തോടെ തലയുയർത്തിപ്പിടിച്ച് മടങ്ങാം. 

118 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. രണ്ടു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം സെഞ്ചുറി കണ്ടെത്തിയ ഓപ്പണർ ലോകേഷ് രാഹുലിന്റെയും (149), മികച്ച പ്രകടനത്തോടെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ യുവതാരം ഋഷഭ് പന്തിന്റെയും (114) പ്രകടനങ്ങൾ നിറം ചാർത്തിയ ഇന്നിങ്സിനൊടുവിലാണ് ഓവലിൽ ഇന്ത്യ തോൽവി സമ്മതിച്ചത്.

ഇംഗ്ലണ്ട് ബോളർ ജയിംസ് ആൻഡേഴ്സൻ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന പേസ് ബോളറാകുന്നതിനും ഓവൽ ക്ഷ്യം വഹിച്ചു. 143 ടെസ്റ്റുകളിൽനിന്ന് 564 വിക്കറ്റുകൾ സ്വന്തമാക്കിയ ആൻഡേഴ്സൻ, ഗ്ലെൻ മഗ്രാത്തിനെയാണ് പിന്നിലാക്കിയത്. സ്പിന്നർമാരായ മുത്തയ്യ മുരളീധരൻ (800), ഷെയ്ൻ വോൺ (708), അനിൽ കുംബ്ലെ (619) എന്നിവർ മാത്രമാണ് ഇനി കീഴടക്കാനുള്ളത്.