നിശബ്ദതയുടെ താഴ് വര

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിശബ്ദതയുടെ താഴ് വര

നിബിഡവും വന്യവുമായ ഇലച്ചാര്‍ത്തുകള്‍ക്കു കീഴില്‍ സൈലന്റ്‌വാലി ഒരേസമയം നമ്മെ മോഹിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്യുന്നു.  സൈരന്ധ്രി വനം എന്ന പേര് കേള്‍ക്കുമ്പോള്‍ അധികമാര്‍ക്കും അത് നിശബ്ദതയുടെ താഴ്വര എന്നറിയപ്പെടുന്ന സൈലന്റ് വാലിയെ കുറിച്ചാണ് എന്ന് അറിയാന്‍ തരമില്ല .പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്ന് ഉദ്ദേശം 40 കിലോമീറ്റര്‍ അകലെയാണ് സൈലന്റ് വാലി ദേശീയോദ്യാനം . ഉഷ്ണമേഖലാ മഴക്കാടുകളും ലോകത്ത് മറ്റെവിടെയും കാണാന്‍ സാധ്യമല്ലാത്ത അപൂര്‍വയിനം പക്ഷി മൃഗാദികളും വൃക്ഷ ലതാദികളും കൊണ്ട് സമ്പന്നമാണ് ഇവിടം 

കേരളത്തില്‍ പാലക്കാട് ജില്ലയില്‍  പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു. സാധാരണ വനങ്ങളിൽ ചീവീടുകൾ സൃഷ്ടിക്കുന്ന ശബ്ദ അന്തരീക്ഷം ഇവിടെ ഇല്ലാത്തതു കൊണ്ടാണ്‌ ഇവിടം സൈലന്റ്‌വാലി(നിശ്ശബ്ദതാഴ്‌വര) എന്നറിയപ്പെടുന്നത്‌ എന്ന വാദമാണ് പ്രമുഖമെങ്കിലും, സൈരന്ധ്രിവനം എന്ന പേരിനെ ആംഗലേയ വത്ക്കരിച്ചതിന്റെ ഫലമായാണ് സൈലന്റ്‌വാലി ഉണ്ടായതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. 

സൈലന്റ് വാലിയിലെ നിബിഡവനങ്ങളില്‍ എങ്ങും കുന്തിപ്പുഴ ജീവധാരപോലെ പല കൈവഴികളായി ഒഴുകി നടക്കുന്നത് കാണാം . തണുത്ത അന്തരീക്ഷമുള്ള കാടുകള്‍ നീരാവിയെ മഴയായി പെയ്യിക്കാന്‍ കെല്‍പ്പുള്ളതാണ് അതിനാല്‍ മഴയും സുലഭം . സൈലന്റ് വാലിയിലേക്ക്‌ പ്രവേശിക്കും മുന്പ് പതിനൊന്നോളം ഹെയര്‍പിന്‍ വളവുകള്‍ ഉള്ള അട്ടപ്പാടി ചുരം കടക്കണം . മുക്കാലി ഫോറസ്റ്റ് ഓഫീസാണ് സൈലന്റ് വാലിയുടെ പ്രവേശന കവാടം .

 

മുക്കാലയില്‍ നിന്നാണ് സൈലന്റ് വാലിയിലേക്ക് യാത്ര ആരംഭിക്കുന്നത്. മുക്കാലിയില്‍ നിന്ന് 14 കിലോമീറ്റര്‍ ദൂരം വരെ വനംവകുപ്പിന്റെ ഗൈഡുകളു‌ടെ സഹായത്തോടെ സഞ്ചരിക്കാന്‍ അനുവാദമുണ്ട്. ചെലവുകുറഞ്ഞ ഏകദിന യാത്രയാണ് സൈരാന്ധ്രി ട്രിപ്പ്. മുക്കാലിയില്‍ നിന്ന് ബസ്/ ‌ജീപ്പ് യാത്രയാണ് ഇത്. രാവിലെ എട്ടുമണി മുതല്‍ ഒരു മണി വരെയാണ് സന്ദര്‍ശന സമയം.

89 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടം ദേശീയോദ്യാനങ്ങളിൽ താരതമ്യേന ചെറുതാണ്. നീലഗിരി പീഠഭൂമിയുടെ ഭാഗമാണെങ്കിലും തെക്കു ഭാഗം പാലക്കാടൻ സമതലങ്ങളുമായി ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 658 മീറ്റർ മുതൽ 2384 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. കുന്തിപ്പുഴയാണ് സൈരന്ധ്രി വനത്തിലൂടെ ഒഴുകുന്ന ഏക നദി. 2800 മി.മീ മുതൽ 3400 മി.മീ വരെയാണ് വാർഷിക വർഷപാതം. 

സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ കിഴക്കൻ ഭാഗങ്ങൾ പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശങ്ങളായതുകൊണ്ട് അവിടെ മഴ കുറവാണ്. 39° സെൽ‌ഷ്യസ് വരെ ഇവിടെ കൂടിയ ചൂടു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 20.2° സെൽ‌ഷ്യസ് ആണ് ആപേക്ഷിക ശരാശരി. നീലഗിരി ജൈവമേഖലയുടെ കാതൽ പ്രദേശമാണത്രെ സൈരന്ധ്രി വനം.

സൈലന്റ് വാലിയിലെ ചെറിയ വെള്ള‌ചാട്ടമാണ് കരുവാര വെള്ള‌ച്ചാട്ടം. മുക്കാലിയില്‍ നിന്ന് 5 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടെ എത്താം. മുക്കാലിയില്‍ നിന്ന് ആരംഭിക്കുന്ന മറ്റൊരു ട്രെക്കിംഗ് ആണ് കീരിപ്പാറ ട്രെക്കിംഗ്. 5 കിലോമീറ്റര്‍ ആണ് ട്രെക്കിംഗ് ദൈര്‍ഘ്യം.

1984 നവംബര്‍ 15 നു സൈലന്റ് വാലി ദേശീയ ഉദ്യാന്മായി പ്രഖ്യാപിച്ചു . പിറ്റേ കൊല്ലം പ്രധാനമന്ത്രി രാജീവ് ഗാന്ധി ദേശീയോദ്യാനം രാഷ്ട്രത്തിന് സമര്‍പ്പിച്ചു . നിശബ്ദതയുടെ താഴ്വര കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ഒരു സ്വകാര്യ അഹങ്കാരമാണ് എന്ന് സമ്മതിക്കാതെ വയ്യ .
 


LATEST NEWS