റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങള്‍

ബ്രിട്ടണില്‍ രൂപകല്‍പ്പന ചെയ്ത റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയിലേക്കെത്തുമ്പോള്‍ അത് യുവാക്കളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതാകണമെന്ന് കമ്പനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. യാത്രകളെ ഇഷ്ടപ്പെട്ടു തുടങ്ങിയ ഇന്ത്യന്‍ യുവത്വം ദീര്‍ഘയാത്രകള്‍ക്കായി ഏറ്റവുമധികം തിരഞ്ഞെടുക്കുന്നത് റോയല്‍ എന്‍ഫീല്‍ഡിനെയായി മാറിയതോടെയാണ് കമ്പനി ഇന്ത്യക്കു വേണ്ടിയുള്ള പുതിയ മോഡല്‍ അവതരിപ്പിച്ചത്. റൈഡേഴ്‌സിന്റെ ലക്ഷ്യമെല്ലാം ഒരേ ഒരു സ്ഥലം മാത്രമായിരുന്നു . ഹിമാലയം.

അതി ദുര്‍ഘടമായ ഹിമാലയന്‍ പാതകള്‍ സവാരിക്കായി തിരഞ്ഞെടുക്കുന്ന യുവത്വത്തിനായി അവതരിപ്പിച്ച പുതിയ മോഡലിന് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല കമ്പനിക്ക്. ഹിമാലയം പോലെയുള്ള ദുര്‍ഘടമായ സാഹചര്യത്തിലും അനായാസം കൊണ്ടുനടക്കാന്‍ പറ്റിയ ബൈക്ക് ബ്രിട്ടനിലാണ് രൂപകല്‍പ്പന ചെയ്തത്.

കാഴ്ചയിലും പ്രകടനത്തിലുമെല്ലാം മറ്റു റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഹിമാലയന്‍. ട്രയംഫ് ടൈഗറിനെ ഓര്‍മിപ്പിക്കും ഇതിന്റെ ബോഡി ഘടന. ഉപയോഗക്ഷമതയ്ക്ക് മുഖ്യപ്രാധാന്യം നല്‍കി നിര്‍മിച്ച ബൈക്കിന്റെ ഡിസൈനില്‍ തികഞ്ഞ ലാളിത്യം കാണാം. അനാവശ്യമായി ഒരു പാനല്‍ പോലുമില്ല. വെളുപ്പ് , കറുപ്പ് ബോഡി നിറങ്ങളില്‍ ലഭ്യമായ ഹിമാലയന് കാഴ്ചക്ക് കൂടുതല്‍ എടുപ്പ് വെളുപ്പ് നിറത്തിലാണ് 

ഒരു സമ്പൂര്‍ണ്ണ ഒഫ് റോഡറാണ് ഹിമാലയ. രൂപത്തിലും, ഭാവത്തിലും, ഡിസൈനിലും, എഞ്ചിനിലും ഉള്‍പ്പടെ യാത്രക്കു വേണ്ടി മാത്രം രൂപം കൊടുത്ത വാഹനം. കാഴ്ചയില്‍ മറ്റു റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും, 15ലിറ്റര്‍ ഇന്ധന ടാങ്ക്, ഉയര്‍ന്ന ഗ്രൗണ്ട് കല്‍യറന്‍സ്, അലോയ് കൊണ്ടുണ്ടാക്കിയ ലിവറുകള്‍, കല്‍സിക്ക് മിററുകള്‍ തുടങ്ങിയവയെല്ലാം ഹിമാലയയുടെ മാത്രം പ്രത്യേകതാണ്.

ഇന്ത്യയ്ക്കു വേണ്ടി മാത്രം രൂപപ്പെടുത്തിയ മോഡലാണെന്നറിയുമ്പാഴാണ് ഹിമാലയയുടെ പ്രധാന്യം ഒന്നുകൂടി വ്യക്തമാവുന്നത്. കരുത്തുറ്റ ഡ്യൂപ്ലക്‌സ് ക്രാഡില്‍ ഫ്രെയിമിലാണ് നിര്‍മ്മാണം. ഹെഡ്‌ലാംപിനോട് ചേര്‍ത്തു ഘടിപ്പിച്ചിരിക്കുന്ന വിന്‍ഡ് ഷീല്‍ഡ്, ചെറിയ ചെറിയ ഫൈന്‍ഡര്‍ എന്നിവയെല്ലാം ഹിമാലയക്ക് ഒരു അ. എല്‍ഇഡി ഹെഡ്‌ലൈറ്റുകളും മറ്റൊരു പ്രത്യേകതയാണ്.

വിശാലമായ മീറ്റര്‍ കണ്‍സോള്‍. അനലോഗ് സ്പീഡോമീറ്റര്‍, ടെമ്പറേച്ചര്‍, സ്പീഡ് ട്രാക്, ഡയറക്ഷന്‍, ഊഷ്മാവ്, യാത്രാസമയം, സര്‍വീസ് ഇടവേള തുടങ്ങി അറിയേണ്ടതെല്ലാം ഈ മീറ്റര്‍ കണ്‍സോളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15ലിറ്റര്‍ ഇന്ധനം നിറയ്ക്കാവുന്ന ടാങ്കിനോട് ചേര്‍ന്നു തന്നെ രണ്ട് ക്യാനുകള്‍ ഉള്‍ക്കൊള്ളിക്കാവുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി മോണോഷോക്ക് സസ്‌പെന്‍ഷന്‍ ഉപയോഗിച്ചിരിക്കുന്നതും ഹിമാലയയിലാണ്. ദുര്‍ഘടമായ വഴികളില്‍ പോലും മികച്ച യാത്രാനുഭവം സമ്മാനിക്കാന്‍ ഹിമാലയ്ക്കു സാധിക്കുന്നത് ഇത്തരം നിരവധി പ്രത്യേകതകള്‍ കൊണ്ടാണ്. 41mm ടെലിസ്‌കോപിക്ക് സസ്‌പെന്‍ഷന്‍ മുന്നിലും മോണോഷോക്ക് ലിങ്കേജ് സസ്‌പെന്‍ഷന്‍ പിന്നിലുമുണ്ട്. സാധാരണ റോഡിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ഹിമാലയന് ആകും. റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിച്ച പുതിയ ലോങ്ങ് സ്‌ട്രോക്ക് 410 എന്‍ജിനും 411 സി സി എന്‍ജിനും 6500 Rpm ല്‍ 24.5 Bhp കരുത്തും 4500 Rpm ല്‍ 32 N.M ടോര്‍ക്കുമുണ്ട്.

ഡിസ്‌ക് ബ്രേക്കുകളാണ് മുന്നിലും, പിന്നിലും. എന്നാല്‍ എബിഎസ് ഒരുക്കാത്തത് ഒരു കുറവായി തോന്നാം. ഓഫ് റോഡ് ഓണ്‍ റോഡ് യാത്രയില്‍ ഒരുപോലെ ഉപകാരപ്രദമായ സീറ്റിങ്ങ് പൊസിഷനാണ് ഇതിനുള്ളത്. LED ടെയില്‍ ലാമ്പും ഉയര്‍ന്ന ഫൈന്‍ഡറും അടങ്ങുന്ന പിന്‍ഭാഗം കാണാനാണ് കൂടുതല്‍ ഭംഗി. മോണോഷോക്കും ഉയര്‍ന്നു നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റും തടിച്ച ടയറും കൂടിയാകുമ്പോള്‍ പിന്‍ഭാഗത്തിന് റഫ് ആന്‍ഡ് ടഫ് ലുക്ക് നല്‍കുന്നുണ്ട്.

സര്‍വ്വീസിംഗ് കാര്യത്തിലേക്ക് വരുമ്പോഴും ഹിമാലയ മറ്റു ബൈക്കുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. പേരിനെ അന്വര്‍ത്ഥമാക്കുന്ന പോലെ തന്നെ ഹിമാലയന്‍ പര്‍വതനിരകളില്‍ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും വിനോദയാത്രികര്‍ക്കും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ് ഈ മോട്ടോര്‍ സൈക്കിള്‍.