കശ്മീരിൽ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നടക്കുന്നത്;  പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കശ്മീരിൽ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നടക്കുന്നത്;  പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി

ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ കശ്മീർ വിഷയം ഉന്നയിച്ചുകൊണ്ടുള്ള പാക് പ്രമേയത്തിന് ഇന്ത്യയുടെ മറുപടി വൈകിട്ട് ആറ് മണിക്ക്. കശ്മീരിനെക്കുറിച്ച് കൗൺസിലിൽ സംസാരിച്ച പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇന്ത്യക്കെതിരെ ശക്തമായ ആക്രമണമാണ് നടത്തിയത്. കശ്മീരിൽ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നടക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖുറേഷി ആവശ്യപ്പെട്ടു. പക്ഷേ പ്രസംഗത്തിനൊടുവിൽ മാധ്യമങ്ങളെ കണ്ട ഖുറേഷി കശ്മീരിനെ വിശേഷിപ്പിച്ചത് ''ഇന്ത്യൻ സംസ്ഥാനം'' എന്നാണ്. 

വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കൻ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറി വിജയ് ഠാക്കൂർ സിംഗും പാകിസ്ഥാൻ പുറത്താക്കിയ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയും ഉൾപ്പടെയുള്ള ഉന്നതതല സംഘമാണ് യുഎൻ മനുഷ്യാവകാശകൗൺസിലിൽ പങ്കെടുക്കുന്നത്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നും, ആഗോള ശ്രദ്ധയും ഇടപെടലും ആവശ്യമുള്ള മേഖലയാണെന്നുമാണ് ഷാ മഹ്മൂദ് ഖുറേഷി കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ പറ‌ഞ്ഞത്. തീവ്രവാദത്തെ അടിച്ചമർത്താനെന്ന പേരിൽ ഇന്ത്യ നടത്തുന്നത് ഗുരുതരമായ മനുഷ്യാവകാശലംഘനമാണെന്നും ഖുറേഷി ആരോപിച്ചു. 

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിലവിൽ 47 അംഗങ്ങളാണുള്ളത്. ഏഷ്യാ - പസിഫിക് എന്ന ഗ്രൂപ്പിലാണ് ഇപ്പോൾ ഇന്ത്യയും പാകിസ്ഥാനുമുള്ളത്. കൗൺസിലിൽ ഇന്ത്യക്ക് 2021 വരെ അംഗത്വമുണ്ട്. പാകിസ്ഥാന്‍റെ അംഗത്വം 2020-ൽ അവസാനിക്കും. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പാക് വിദേശകാര്യമന്ത്രിയുടെ പ്രസംഗം നടക്കവെ, പുറത്ത് പാകിസ്ഥാനെതിരെ സിന്ധ് വംശജർ പ്രതിഷേധിച്ചു. സിന്ധ് മേഖലയിൽ സിന്ധികൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.