ഒയോ ഹോട്ടൽസ് ആന്റ് ഹോംസ് കമ്പനി 200 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒയോ ഹോട്ടൽസ് ആന്റ് ഹോംസ് കമ്പനി 200 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡൽഹി:  ചുരുങ്ങിയ കാലം കൊണ്ട് വൻ വളർച്ച നേടിയ ഒയോ ഹോട്ടൽസ് ആന്റ് ഹോംസ് കമ്പനി തങ്ങളുടെ 200 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. എക്സിക്യുട്ടീവ് മുതൽ മാനേജർമാർ വരെ സെയിൽസ് വിഭാഗത്തിലെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.

ഒയോ ദില്ലി ഓഫീസിലെ 60 ജീവനക്കാർക്ക് തിങ്കളാഴ്ച പിരിച്ചുവിടൽ നോട്ടീസ് നൽകി. മുംബൈയിലെയും പുണെയിലെയും ജീവനക്കാർക്ക് വരുംദിവസങ്ങളിൽ പിരിച്ചുവിടൽ നോട്ടീസ് നൽകും.

പിരിച്ചുവിടൽ നോട്ടീസിൽ കാരണം വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. ഒരു മാസത്തെ നോട്ടീസ് കാലാവധി അനുവദിച്ചിട്ടുണ്ട്. ഇക്കണോമിക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കമ്പനി ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ഓരോ വർഷവും 4.5 മടങ്ങ് വളർച്ചയാണ് കമ്പനി നേടുന്നത്. ഇക്കുറിയും ഈ വളർച്ച നേടുമെന്നും മൂവായിരം പേരെ ഈ വർഷം നിയമിക്കുമെന്നും കമ്പനി വക്താവ് പറഞ്ഞു.

ഒയോ അമിതമായ ചാർജ്ജുകൾ തങ്ങളുടെ പക്കൽ നിന്നും ഈടാക്കുന്നതായി കേരളത്തിലെ ഹോട്ടലുടമകൾ മുൻപ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് സമരങ്ങളും നടന്നിരുന്നു. ഇപ്പോൾ ജീവനക്കാരെ പിരിച്ചുവിടുന്നത് വിപണിയിലെ പ്രതികൂല സാഹചര്യത്തിലാവാമെന്നാണ് വിലയിരുത്തൽ.