വൈദ്യുതി വാഹനങ്ങള്‍ വാങ്ങാന്‍ ഇനി കേന്ദ്രസഹായം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വൈദ്യുതി വാഹനങ്ങള്‍ വാങ്ങാന്‍ ഇനി കേന്ദ്രസഹായം

ന്യൂഡല്‍ഹി :  വൈദ്യുതി വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം.  10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങള്‍ക്കാകും സഹായം ലഭിക്കുക. ഘന വ്യവസായ മന്ത്രാലയത്തിന്റെ 'ഫെയിം ഇന്ത്യ' പദ്ധതിക്കു കീഴില്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബസുകള്‍, കാറുകള്‍, മുച്ചക്രവാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിനാണു ധനസഹായം ലഭിക്കുന്നത്. 

കേരളത്തില്‍ കൊച്ചി ഉള്‍പ്പെടെ ആറു നഗരങ്ങള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിച്ചേക്കും. നഗരത്തിലെ ജനസംഖ്യ, മലിനീകരണത്തിന്റെ തോത്, വാഹനപ്പെരുപ്പം, സ്വച്ഛത അഭിയാന്‍ റാങ്കിങ് തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താകും പണം നല്‍കുന്നത്. 105 കോടി രൂപ വീതമാകും നഗരങ്ങള്‍ക്ക് ലഭിക്കുക. 

നടപ്പു സാമ്പത്തിക വര്‍ഷം ഒരുനഗരത്തില്‍ പരാമവധി 100 ബസുകള്‍ക്കു പണം നല്‍കും. ഈ ബസുകള്‍ പൊതു ഗതാഗത സംവിധാനത്തിനായി ഉപയോഗിക്കണം. നഗരത്തിനു ലഭിക്കുന്ന തുകയ്ക്കു പുറമേ, ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ 15 കോടി വേറെ നല്‍കുമെന്നു മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണു 2015 ല്‍ ഫെയിം പദ്ധതി (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കള്‍സ് ഇന്‍ ഇന്ത്യ) നടപ്പാക്കിയത്.