12 വയസ്സുവരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

12 വയസ്സുവരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കഠുവ സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കെ 12 വയസ്സുവരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ശനിയാഴ്ച കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തിയേക്കും. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം (പോക്‌സോ) ഭേദഗതിചെയ്താണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക.

വധശിക്ഷ വ്യവസ്ഥചെയ്ത് പോക്‌സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി കേന്ദ്രം വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിക്ക് മറുപടി നല്‍കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് ഏപ്രില്‍ 27-ന് ഹര്‍ജി വീണ്ടും കേള്‍ക്കും.

കഠുവ, ഉന്നാവ് ബലാല്‍സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ 10 ദിവസമായി അനുഷ്ഠിച്ചുവന്ന നിരാഹാരം ഇതോടെ അവസാനിപ്പിച്ചു. 12 വയസ്സുവരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ജമ്മുകശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗത്തിനിരയാക്കി കൊന്ന സംഭവം കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. സമാനമായൊരു സംഭവം സൂറത്തിലും റിപ്പോര്‍ട്ടുചെയ്തിരുന്നു. എണ്‍പതിലധികം മുറിവുകളുമായാണ് ഒരു ഒന്‍പതുവയസ്സുകാരിയുടെ മൃതദേഹം സൂറത്തിലെ ക്രിക്കറ്റ് ഗ്രൗണ്ടില്‍നിന്ന് പോലീസ് കണ്ടെത്തിയത്.


LATEST NEWS