ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വേതനം കൂട്ടണമെന്ന് ആവശ്യം; ഡല്‍ഹിയില്‍ തൊഴിലാളികളുടെ പ്രതിഷേധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വേതനം കൂട്ടണമെന്ന് ആവശ്യം; ഡല്‍ഹിയില്‍ തൊഴിലാളികളുടെ പ്രതിഷേധം

പതിനൊന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ സമരം ചെയ്തു. വേതനം കൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. എന്‍ആര്‍ഇജിഎ സംഘര്‍ഷ് മോര്‍ച്ച ആണ് പ്രക്ഷോഭം നയിക്കുന്നത്. ഗ്രാമീണര്‍ക്ക് തൊഴിലുറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി  പ്രക്ഷോഭങ്ങള്‍ നയിച്ച സംഘടനയാണ് എന്‍ആര്‍ഇജിഎ സംഘര്‍ഷ് മോര്‍ച്ച.

സാധാരണക്കാരന് ഏറെ ഉപകാരപ്രദമായ സർക്കാർ പദ്ധതിയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി. അന്നന്നത്തെ ചിലവിനു വേണ്ടി കഷ്ടപ്പെട്ടിരുന്ന ജനങ്ങൾക്ക് പട്ടിണി കൂടാതെ കഴിയാൻ വലിയ സഹായകമായിരുന്നു തൊഴിലുറപ്പ് പദ്ധതി. എന്നാൽ പദ്ധതി വന്ന് വർഷങ്ങളായിട്ടും കാര്യമായ വേതന വർദ്ധനവ് ഉണ്ടായിട്ടില്ല. അതേ സമയം, രാജ്യം മുഴുവൻ ജീവിത ചെലവ് പതിന്മടങ്ങ് വർധിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് വേതന വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. 
 
കുറച്ച് കാലത്തിനിടക്ക് കൃത്യമായ തൊഴിൽ ലഭിക്കാത്തതും കൃത്യ സമയത്ത് വേതനം ലഭിക്കാത്തതും തൊഴിലാളികളെ കഷ്ടത്തിലാക്കിയിരുന്നു. തൊഴിലുറപ്പ് പദ്ധതി തകരുന്നത് വലിയൊരു വിഭാഗം ജനങ്ങളെയും വീണ്ടും പട്ടിണിയിലേക്ക് തള്ളിവിടുന്നതിനു കാരണമാകും. അത് കൊണ്ട് തന്നെ തൊഴിലുറപ്പുപദ്ധതിയെ സംരക്ഷിക്കുക എന്ന ആവശ്യമാണ് പ്രധാനമായും ധര്‍ണ മുന്നോട്ടുവെക്കുന്നത്. 1970കളില്‍ മഹാരാഷ്ട്രയിലാണ് തൊഴിലുറപ്പുപദ്ധതിക്കുവേണ്ടിയുള്ള ആവശ്യമുയര്‍ന്നത്. ഹര്‍ ഹാത് കോ കാം ദോ, കാം കാ പൂരാ ദാം ദോ (ഓരോരുത്തര്‍ക്കും തൊഴില്‍ നല്‍കൂ, തൊഴിലിന് മുഴുവന്‍ വേതനം നല്‍കൂ) എന്നായിരുന്നു മുദ്രാവാക്യം