ഗുരുഗ്രാം റയൻ ഇന്റർനാഷനൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ 11–ാം ക്ലാസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗുരുഗ്രാം റയൻ ഇന്റർനാഷനൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ 11–ാം ക്ലാസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ഗുരുഗ്രാം റയൻ ഇന്റർനാഷനൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ അതേ സ്കൂളിലെ 11–ാം ക്ലാസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമ്നൻ ഠാക്കൂറിനെ കൊലപ്പെടുത്തിയ കേസിലാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല നടത്തിയ ദിവസത്തെ പരീക്ഷയും പിറ്റേന്നു നടക്കേണ്ട അധ്യാപക–രക്ഷാകർത്തൃ യോഗവും മാറ്റിവയ്ക്കാനായിരുന്നു കൊലയെന്നു സിബിഐ വെളിപ്പെടുത്തി. 

പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. ജുവനൈൽ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് പേരുവെളിപ്പെടുത്താന്‍ കഴിയാത്തതെന്നും സിബിഐ വ്യക്തമാക്കി. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്നു ദിവസത്തേക്കു സിബിഐ കസ്റ്റഡിയിൽ വിട്ടു. ഹരിയാനാ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്ത സ്കൂൾ ബസ് ജീവനക്കാരൻ അശോക് കുമാറിനു കേസുമായി നേരിട്ടു ബന്ധമില്ലെന്നു വക്താവ് അഭിഷേക് ദയാൽ പറഞ്ഞു. 

കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. ശുചിമുറിയിലെ ക്ലോസറ്റിലിട്ടു ഫ്ലഷ് ചെയ്ത നിലയിലായിരുന്നു കത്തിയെന്നു സിബിഐ കണ്ടെത്തി. എന്നാൽ അശോക് കുമാറിൽനിന്നു കത്തി കണ്ടെത്തിയതായി പൊലീസ് പറഞ്ഞത് സിബിഐയുടെ വെളിപ്പെടുത്തലോടെ വിവാദത്തിലായി. ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്കു പ്രായപൂർത്തിയായെന്നു കണക്കാക്കി വിചാരണ നടത്താൻ ആവശ്യപ്പെടുമെന്നു സിബിഐ പറഞ്ഞു.