താജ്മഹല്‍ സംരക്ഷിക്കാനാവില്ലെങ്കില്‍ പൊളിച്ചുനീക്കണം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

താജ്മഹല്‍ സംരക്ഷിക്കാനാവില്ലെങ്കില്‍ പൊളിച്ചുനീക്കണം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ലോകാത്ഭുതമായ താജ്മഹലിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും അവഗണനയ്‌ക്കെതിരെ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണമെങ്കില്‍ അതിന് സാധിക്കില്ലെങ്കില്‍ പൊളിച്ചുനീക്കുകയോ അടച്ചിടുകയോ ചെയ്യണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. താജ്മഹലില്‍ സമയബന്ധിതമായി അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. 

താജ്മഹലിനെ മലിനപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. താജ്മഹലിനെ എങ്ങനെ സംരക്ഷിക്കാമെന്ന് നിര്‍ദേശിക്കണമെന്നും കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടു.

ഈഫല്‍ ടവറിനെക്കാള്‍ മനോഹരമാണ് താജ്മഹല്‍ എന്നും കോടതി നിരീക്ഷിച്ചു. യുറോപ്പിലെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഈഫല്‍ ടവര്‍. നിരവധി പേരാണ് ഈഫല്‍ ടവര്‍ കാണാന്‍ എത്തുന്നത്. എന്നാല്‍ നമ്മുടെ താജ്മഹല്‍ അതിനേക്കാള്‍ മനോഹരമാണ്. മികച്ച രീതിയില്‍ പരിപാലിച്ചാല്‍ വിദേശ നാണ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ ഉദാസീനതകൊണ്ട് രാജ്യത്തിന് എത്രമാത്രം നഷ്ടമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.