പ്രവാസി വിവാഹങ്ങള്‍ക്ക്  ഇനി ആധാര്‍ നിര്‍ബന്ധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രവാസി വിവാഹങ്ങള്‍ക്ക്  ഇനി ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ.സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതുള്ള മാര്‍ഗമായിക്കൂടിയാണ് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള ശുപാര്‍ശയെന്നാണ് റിപ്പോര്‍ട്ട്. വിവാഹശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്നത്, സ്ത്രീധന പീഡനം തുടങ്ങിയവ തടയുകയാണ് ലക്ഷ്യം. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനാണ് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. 

വിവിധ രാജ്യങ്ങളിലെ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുകളില്‍ മാറ്റം വരുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെടുന്നവരെയും രാജ്യത്ത് എത്തിക്കാന്‍ കഴിയുംവിധം കരാറില്‍ മാറ്റം വരുത്തണമെന്നാണ് ആവശ്യം.

നിലവില്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ആധാര്‍ എടുക്കാന്‍ അവസരമുണ്ട്.പ്രവാസികളുടെ ആധാര്‍ എന്റോള്‍മെന്റ് നീക്കവുമായി യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി മുന്നോട്ടുപോകുകയാണ്.

പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനക്കേസുകളില്‍ ഇടപെടാന്‍ നിലവില്‍ ബുദ്ധിമുട്ടാണെന്നാണ് കേന്ദ്ര വനിതാ - ശുശുക്ഷേമ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും നോട്ടീസ് നല്‍കാന്‍പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇത്തരം കേസുകളില്‍ അന്വേഷണം നടത്തണമെന്നും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 2005 നും 12 നും ഇടെ പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട 1300 കേസുകള്‍ എന്‍.ആര്‍.ഐ സെല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ വനിതാ കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.


LATEST NEWS