കെജരിവാളിന് പിന്തുണയുമായി രാജ് നിവാസിന് മുന്നില്‍ എഎപി അണികളുടെ പ്രതിഷേധ മാര്‍ച്ച്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെജരിവാളിന് പിന്തുണയുമായി രാജ് നിവാസിന് മുന്നില്‍ എഎപി അണികളുടെ പ്രതിഷേധ മാര്‍ച്ച്‌

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പിന്തുണയുമായി രാജ് നിവാസിന് മുന്നില്‍ എഎപി അണികളുടെ പ്രതിഷേധ മാര്‍ച്ച്‌. പ്രതിഷേധക്കാര്‍ ഗവര്‍ണറുടെ വസതിയിലേക്ക് എത്തുന്നതിന് മുന്നേ ഡല്‍ഹി പൊലീസ് മാര്‍ച്ച്‌ തടഞ്ഞു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് മാര്‍ച്ച്‌ ഫോര്‍ ഡെമോക്രസി എന്ന പേരില്‍ മാര്‍ച്ച്‌ സംഘടിപ്പിക്കപ്പെട്ടത്. മാര്‍ച്ചില്‍ ബിജെപിയില്‍ നിന്ന് രാജിവച്ച്‌ പുറത്തുവന്ന മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ പങ്കെടുത്തു.

അടല്‍ ബിഹാരി വാജ്‌പെയിയായിരുന്നു ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ കേന്ദ്ര ആഭ്യാന്തര മന്ത്രിയോട് ഡല്‍ഹി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രശ്‌ന പരഹിഹാരം കണ്ടെത്താന്‍ നിര്‍ദേശിച്ചേനെയെന്നു യശ്വന്ത് സിന്‍ഹ പറഞ്ഞു. തിങ്കളാഴ്ചയാണ് രാജ് നിവാസിലെ സന്ദര്‍ശക മുറിയില്‍ കെജരിവാളും മന്ത്രിമാരായ മനീഷ് സിസോദിയ,സത്യേന്ദര്‍ ജെയിന്‍,ഗോപാല്‍ റായി എന്നിവരും കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. 

ഐഎഎസ് ഉദ്യോഗസ്ഥരോട് സര്‍ക്കാരിനൊപ്പം സഹകരിക്കാനുള്ള ഉത്തരവിറക്കുന്നതുവരെ ഗവര്‍ണറുടെ വസതിയില്‍ നിന്ന് പോകില്ലെന്ന് കെജരിവാള്‍ വ്യക്തമാക്കി. ഡല്‍ഹിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറാന്‍ താന്‍ ഗവര്‍ണറോട് അപേക്ഷിച്ചതാണെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം തന്റെ ബോസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി ആരോപിച്ചു.