അക്ലാഖ് വധക്കേസില്‍ അഖിലേഷ് യാദവ് ഇടപെടാന്‍ ശ്രമിച്ചു : കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടറുടെ വെളിപ്പെടുത്തല്‍ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അക്ലാഖ് വധക്കേസില്‍ അഖിലേഷ് യാദവ് ഇടപെടാന്‍ ശ്രമിച്ചു : കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടറുടെ വെളിപ്പെടുത്തല്‍ പുറത്ത്

ലക്‌നൗ: അക്ലാഖ് വധക്കേസ് അട്ടിമറിക്കാന്‍ അഖിലേഷ് യാദവിന്റെ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെന്ന ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ വെളിപ്പടുത്തല്‍ പുറത്തു വന്നു. ബുലന്ദ്ശഹറിലെ കലാപത്തിനിടയില്‍ കൊല്ലപ്പെട്ടയാളാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍. 2015 സെപ്തംബറില്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അക്ലാഖ് സൈഫി എന്ന 52 കാരന്‍ കൊല്ലപ്പെട്ടത് വീട്ടില്‍ ഫ്രിഡ്ജിനുള്ളില്‍ പശുവിറച്ചി സൂക്ഷിച്ചു എന്നാരോപിച്ചായിരുന്നു. ഈ കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്നത് കൊല്ലപ്പെട്ട സുബോധ് കുമാറിനായിരുന്നു.

അന്വേഷണത്തില്‍ അക്ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചത് പശുവിറച്ചിയല്ല മറിച്ച് ആട്ടിറച്ചിയാണെന്ന് ഫോറന്‍സിക് ഫലം വന്നിരുന്നു. എന്നാല്‍ ഈ ഫോറന്‍സിക് ഫലം തിരുത്താന്‍ അഖിലേഷ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെന്നാണ് അന്വേഷണ ചുമതല ഉണ്ടായിരുന്ന സുബോധ് കുമാര്‍ പറഞ്ഞത്. കോബ്ര പോസ്റ്റ് ആണ് ഈ കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൃന്ദാവന്‍ പോലീസ് സ്റ്റേഷനില്‍ വെച്ചുണ്ടായ കൂടിക്കാഴ്ചയില്‍ വെച്ചാണ് തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട് സുബോധ് കുമാര്‍ ഈ വെളിപ്പടുത്തല്‍ നടത്തിയതെന്നാണ് കോബ്ര പോസ്റ്റ് പറയുന്നത്.

അന്വേഷണത്തില്‍ അഖിലേഷ് വ്യാപക ഇടപെടലുകള്‍ നടത്തിയതായും സുബോധ് വെളിപ്പെടുത്തി. ആട്ടിറച്ചി മാറ്റി പകരം പശുവിറച്ചി വെക്കണമെന്നതായിരുന്നു അഖിലേഷിന്റെ പ്രധാന ആവശ്യം. ഇതംഗീകരിക്കാത്തതിനാല്‍ പലരെയും സ്ഥലം മാറ്റുക വരെ ചെയ്തു. 

സുബോധ് അന്ന ജാര്‍ച്ച പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ആളായിരുന്നു. ഇദ്ദേഹത്തിന്റെ അതിവേഗത്തിലുള്ള ഇടപെടലാണ് അക്ലാഖ് വധക്കേസിലെ പ്രതികളെ പിടികൂടാനും തെളിവുകള്‍ കൈക്കലാക്കാനുമുള്ള വഴിയൊരുക്കിയത്. കൊലപാതകം നടത്തിയ സംഘത്തിലെ പ്രധാനികളായ പത്തുപേര്‍ ഉടന്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. പിന്നീട് എട്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെയും ഉടന്‍ തന്നെ സ്ഥലം മാറ്റുകയുണ്ടായി.

വെറ്റിനറി ഡോക്ടര്‍മാര്‍ക്കും സമ്മര്‍ദ്ദം അനുഭവിക്കേണ്ടതായി വന്നു.ഒരു എസ്ഡിഎം, ഒരു സിഒ, മഥുര ഫോറന്‍സിക് ലാബില്‍ നിന്നുള്ള ഒരു ഡോക്ടര്‍ എന്നിവര്‍ രാത്രിയില്‍ തന്നെ സമീപിച്ച് ഇറച്ചി കണ്ടെടുത്ത ആട്ടിറച്ചി മാറ്റി പശുവിറച്ചി തല്‍സ്ഥാനത്ത് വെക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ തങ്ങളുടെ പക്കലുള്ള ഇറച്ചി സാമ്പിള്‍ തിരിച്ചുതരാന്‍ വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍ താന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും സുബോധ് കുമാര്‍ കോബ്ര പോസ്റ്റിനോടു പറഞ്ഞു.

ബുലന്ദ്ശഹറില്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ടത് ഒരു ആസൂത്രിത നീക്കത്തിലൂടെയാണ് എന്ന സംശയം ഉയരുന്നതിനിടെയാണ് കോബ്ര പോസ്റ്റിന്റെ ഇത്തരത്തിലൊരു വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.


LATEST NEWS