അമിത്ഷാ മൂന്നു ദിവസത്തെ ചെന്നൈ സന്ദര്‍ശനം അപ്രതീക്ഷിതമായി റദ്ദാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമിത്ഷാ മൂന്നു ദിവസത്തെ ചെന്നൈ സന്ദര്‍ശനം അപ്രതീക്ഷിതമായി റദ്ദാക്കി

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത്ഷാ മൂന്നു ദിവസത്തെ ചെന്നൈ സന്ദര്‍ശനം അപ്രതീക്ഷിതമായി റദ്ദാക്കി. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി റദ്ദാക്കിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ തന്നെ പുനഃസംഘടന ഉണ്ടായേക്കും. എഐഎഡിഎംകെയില്‍ രണ്ടു പക്ഷങ്ങളുടെ ലയനത്തിന് ശേഷം രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനായിരുന്നു അമിത് ഷായുടെ തമിഴ്നാട് യാത്ര നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച മുതലാണ് സന്ദര്‍ശനം തുടങ്ങേണ്ടിയിരുന്നത്. യാത്ര അപ്രതീക്ഷിതമായി മാറ്റിവെച്ചത് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വേണ്ടിയാണെന്നാണ് വിവരം.

മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രതിരോധം, വാര്‍ത്ത വിതരണം,വനം-പരിസ്ഥി മന്ത്രാലയങ്ങള്‍ക്ക് പുതിയ മന്ത്രിയെ ഉണ്ടാകുമെന്നാണ് അറിയുന്നത്. അടുത്തിടെ എന്‍ഡിഎയില്‍ തിരിച്ചെത്തിയ നിതീഷ് കുമാറിന്റെ ജെഡിയുവിനും എഐഎഡിഎംകെക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കും. എഐഎഡിഎംകെ നിലവില്‍ എന്‍ഡിഎയുടെ ഭാഗമല്ലെങ്കിലും അടുത്ത ദിവസം തന്നെ ഇതിനും തീരുമാനമുണ്ടാകും.

മനോഹര്‍ പരീക്കര്‍ ഗോവാ മുഖ്യമന്ത്രി ആയതോടെ പ്രതിരോധ വകുപ്പിന്റെ ചുമതല ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കാണ്. ടെക്സ്റ്റൈല്‍സ് മന്ത്രി സമൃതി ഇറാനി ചുമതല വഹിക്കുന്ന വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിനും പുതിയ മന്ത്രി ഉണ്ടാകും പുനഃസംഘടനയില്‍. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവായിരുന്നു നേരത്തെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. പുനഃസംഘടനയുടെ പ്രാഥമിക ചര്‍ച്ചകള്‍ ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. അവസാനഘട്ട ചര്‍ച്ചകള്‍ അമിത് ഷായും മോദിയും കൂടിക്കാഴ്ച നടത്തും.


LATEST NEWS