ബംഗളൂരുവിലെ നിരോധനാജ്ഞ നിയമവിരുദ്ധം പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിക്കരുതെന്ന് ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബംഗളൂരുവിലെ നിരോധനാജ്ഞ നിയമവിരുദ്ധം പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിക്കരുതെന്ന് ഹൈക്കോടതി

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാജ്ഞ നടപ്പിലാക്കിയത്​ നിയമവിരുദ്ധമെന്ന്​ കര്‍ണാടക ഹൈകോടതി. പ്രതിഷേധ റാലികള്‍ തടയാന്‍ ഡിസംബര്‍ 18നാണ്​ ബംഗളൂരു പൊലീസ്​ കമീഷണര്‍ സെക്ഷന്‍ 144 പുറപ്പെടുവിച്ചത്​. ഇതിനെതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിച്ചാണ്​ ചീഫ്​ ജസ്​റ്റിസ്​ അഭയ്​ ഓക്ക, ജസ്​റ്റിസ്​ പ്രദീപ്​ സിങ്​ എന്നിവരുടെ ഉത്തരവ്​​​.

കോണ്‍ഗ്രസ്​ രാജ്യസഭ എം.പി രാജീവ്​ ഗൗഡ, കോണ്‍ഗ്രസ്​ എം.എല്‍.എ സൗമ്യ റെഡി, ബംഗളൂരു നഗരവാസികള്‍ എന്നിവരാണ്​ ഹരജികള്‍ സമര്‍പ്പിച്ചത്​. ഏത്​ വിഷയത്തിലാണ്​ പ്രതിഷേധിക്കുന്നത്​ എന്നതിലല്ല, ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന തീരുമാനം എടുത്തതിലാണ്​ ആശങ്കയുള്ളതെന്ന്​ ഹൈകോടതി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതികക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ്, ബംഗളൂരു നഗരത്തിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ടൗൺ ഹാളിന് മുൻപിൽ പ്രതിഷേധിച്ച എഴുത്തുകാരൻ രാമചന്ദ്രഗുഹ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പ്രതിഷേധത്തിന് അനുമതി നൽകുകയും പിന്നീട് നിരോധനാജ്ഞയുടെ പേരിൽ ഇത് നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.

അനുമതി നൽകിയ ശേഷം പ്രതിഷേധങ്ങൾ വിലക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. എല്ലാ പ്രതിഷേധങ്ങളും സംഘർഷത്തിലെത്തുമെന്ന മുൻവിധി സർക്കാറിന് പാടില്ലെന്നും കോടതി പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ കർണാടകയിലെ വിവിധ ജില്ലകളിൽ പൊലീസ് ദിവസങ്ങളോളം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.


LATEST NEWS