നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷികം-സമ്പദ് വ്യവസ്ഥയില്‍ മാറ്റം അനിവാര്യം; നോട്ട് അസാധുവാക്കലിനെ പുകഴ്ത്തി അരുണ്‍ ജെയ്റ്റ്ലി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷികം-സമ്പദ് വ്യവസ്ഥയില്‍ മാറ്റം അനിവാര്യം; നോട്ട് അസാധുവാക്കലിനെ പുകഴ്ത്തി അരുണ്‍ ജെയ്റ്റ്ലി

ന്യുഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷികത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ പുകഴ്ത്തി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സമ്പദ് വ്യവസ്ഥയില്‍ അടിമുടി പൊളിച്ചെഴുത്ത് അനിവാര്യമാണ്. പണത്തിന് പകരം രാജ്യത്തെ ഡിജിറ്റല്‍ ഇടപാടിലേക്ക് മാറ്റാന്‍ ഇതുവഴി കഴിഞ്ഞുവെന്ന് ജെയ്റ്റ്ലി ബ്ലോഗില്‍ കുറിച്ചു. നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷികത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രാജ്യാവ്യാപകമായി  പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് മോഡി സര്‍ക്കാരിന്റെ നയത്തെ പ്രകീര്‍ത്തിച്ച് ധനമന്ത്രി തന്നെ രംഗത്തെത്തുന്നത്. 

'നോട്ട് നിരോധനം വഴി നോട്ട് മുഴുവന്‍ ബാങ്കില്‍ നിക്ഷേപമായി എത്തിയെന്നത് അതെകുറിച്ച് വ്യക്തമായ ബോധ്യമില്ലാതെ നടത്തുന്ന ഒരു വിമര്‍ശനമാണ്. കറന്‍സിയുടെ കുമിഞ്ഞുകൂടല്‍ ആയിരുന്നില്ല നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യം. പണം പൂര്‍ണ്ണമായും സമ്പദ്വ്യവസ്ഥയില്‍ എത്തിക്കുക എന്നതും കൂടുതല്‍ ആളുകളെ നികുതിദായകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതുമാണ് നോട്ട് നിരോധനത്തിന്റെ വിശാലമായ ലക്ഷ്യങ്ങളെന്നും' ജെയ്റ്റ്ലി പറഞ്ഞു. 

2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 3.8 കോടി പേരായിരുന്നു ആദായ നികുതി ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ സര്‍ക്കാരിന്റെ ആദ്യ നാലു വര്‍ഷത്തിനുള്ളില്‍ അത് 6.8 കോടിയായി ഉയര്‍ന്നു. ഈ സര്‍ക്കാര്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ അത് ഇരട്ടിയാകും. നോട്ട് നിരോധന തീരുമാനമാണ് ഇതിനു പിന്നിലെ പ്രധാന കാരണമെന്നും ജെയ്റ്റ്ലി പറയുന്നു. 

ആദായ നികുതിയില്‍ 97,000 കോടി രൂപയുടേയും ജി.എസ്.ടിയില്‍ 80,000 കോടി രൂപയുടേയും ഇളവ് നല്‍കിയിട്ടും നികുതി ശേഖരണം ഉയരുകയാണ്. പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകള്‍ കുറച്ചെങ്കിലും നികുതി ശേഖരണം ഉയര്‍ന്നു. ടാക്സ് ബേസ് വിശാലമാക്കി. ഇവയെല്ലാം അടിസ്ഥാന സൗകര്യത്തിന്റെയും സാമൂഹ്യ മേഖലയുടെയും ഗ്രാമീണ മേഖലയുടെയും വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുമെന്നും ജെയ്റ്റ്ലി പ്രതീക്ഷ പ്രകടിപ്പിച്ചു. 


LATEST NEWS