തിരുവള്ളുവരിനെപ്പോലെ ബിജെപി തന്നെയും കാവി പുതപ്പിക്കാന്‍ ശ്രമിക്കുന്നു: രജനീകാന്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 തിരുവള്ളുവരിനെപ്പോലെ ബിജെപി തന്നെയും കാവി പുതപ്പിക്കാന്‍ ശ്രമിക്കുന്നു: രജനീകാന്ത്

ചെന്നൈ: തിരുവള്ളുവരിനെപ്പോലെ ബിജെപി തന്നെയും കാവി പുതപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് നടന്‍ രജനികാന്ത്. തിരുവള്ളുവര്‍ പ്രതിമയില്‍ കാവി പുതപ്പിച്ചതും രുദ്രാക്ഷം അണിയിച്ചതും അംഗീകരിക്കാന്‍ കഴിയില്ല. തിരുവള്ളുവരേപ്പോലെ താനും ബിജെപിയുടെ കാവിപുതപ്പിക്കലില്‍ വീഴില്ലെന്നും താരം വ്യക്തമാക്കി. 2021-ല്‍ നടക്കാന്‍ പോകുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് രജനീകാന്തിന്‍റെ പ്രതികരണം

തമിഴ്കവിയും തത്വചിന്തകനുമായ തിരുവള്ളുവരുടെ പ്രതിമയില്‍ ഹിന്ദുമക്കള്‍ പാര്‍ട്ടിയാണ് കാവി ഷാള്‍ പുതപ്പിച്ചത്. സംഭവം വിവാദമായിരുന്നു. തഞ്ചാവൂരിലെ പിള്ളയാര്‍പട്ടിയില്‍ നടന്ന ചടങ്ങില്‍ തിരുവള്ളുവരെ രുദ്രാക്ഷമണിയിക്കുകയും ചെയിതിരുന്നു. തിരുവള്ളുവര്‍ക്ക് ഏറ്റവും യോജിച്ച നിറം കാവിയാണെന്നും അദ്ദേഹം ഹിന്ദുവാണെന്നുമുള്ള ഹിന്ദുമക്കള്‍ പാര്‍ട്ടിയുടെ വാദം വിവാദമാവുകയും ചെയ്തിരുന്നു.

തിരുവള്ളുവരെ കാവി പുതപ്പിച്ചത് ബിജെപി അജണ്ടയാണ്. ഈ പ്രശ്‌നങ്ങളൊക്കെ ഊതിവീര്‍പ്പിച്ചതാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. തിരവള്ളുവരെ കാവി പുതപ്പിച്ചത് വലിയ കാര്യമായി കാണുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രജനീകാന്ത് ബിജെപിയിലേക്കെന്ന പ്രചരണം ശക്തമായിരുന്നു. ബിജെപി സംസ്ഥാന ഘടകവും രജനിയെ പാളയത്തില്‍ എത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തന്നെ കാവി പുതപ്പിക്കാന്‍ നീക്കമുണ്ടെന്ന രജനിയുടെ പ്രസ്താവന ബിജെപിയെ ഞെട്ടിച്ചു എന്നുവേണം കരുതാന്‍.