വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ന്യൂഡൽഹി: സുപ്രീം കോടതിയിലെ പ്രശ്നപരിഹാരത്തിന് ബാർ കൗൺസിൽ ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി. അടിയന്തര പരിഹാരം കാണുകയാണ് ലക്ഷ്യം. ജുഡീഷറിയിലെ ഭിന്നതകൾ പൊതുജന മധ്യത്തിലേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നെന്ന് ബാർ കൗൺസിൽ ചെയർമാൻ മനനൻ കുമാർ മിശ്ര പറഞ്ഞു. വാർത്താ സമ്മേളനം നടത്തിയവരൊഴികെയുള്ള 23 ജഡ്ജിമാരുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തുന്നത്.
ഇതിൽ ഭൂരിഭാഗം പേരും ചർച്ചകൾക്ക് തയാറായെന്നും ബാർ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാർത്താ സമ്മേളനം നടത്തിയ മുതിർന്ന ജഡ്ജിമാരെയും കാണും. ഒടുവിൽ ചീഫ് ജസ്റ്റീസുമായും ചർച്ച നടത്തും.
ജഡ്ജിമാരുമായുള്ള കൂടിക്കാഴ്ച ഇന്നു മുതൽ ആരംഭിക്കുമെന്നും ബാർ കൗൺസിൽ അറിയിച്ചു. പൊതുജനങ്ങൾക്കു മുമ്പിൽ വിഴുപ്പലക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. സാഹോദര്യത്തിലൂടെ പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കേണ്ടത്. കാമറയ്ക്കു മുന്നലെത്തിയാൽ സ്ഥാപനം തന്നെ ദുർബലപ്പെടുമെന്നും മനനൻ കുമാർ മിശ്ര പറഞ്ഞു.