മോദി ഭരണത്തില്‍ ഏറ്റവുമധികം വഞ്ചിക്കപ്പെട്ടത് കര്‍ഷകരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോദി ഭരണത്തില്‍ ഏറ്റവുമധികം വഞ്ചിക്കപ്പെട്ടത് കര്‍ഷകരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോദി ഏറ്റവുമധികം വഞ്ചിച്ചത് കര്‍ഷകരെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യ പരിഗണന കൊടുക്കുന്നത് കര്‍ഷകര്‍ക്കായിരിക്കുമെന്ന് പറഞ്ഞ രാഹുല്‍, മോദി ചെയ്ത പോലെ പാഴ്‌വാക്കുകള്‍ പറഞ്ഞ് ആരെയും പറ്റിക്കില്ലെന്നും വ്യക്തമാക്കി.

ഒഡിഷയില്‍ നിയമസഭാ-പൊതുതെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധി. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഈയടുത്ത് പാര്‍ട്ടി അധികാരത്തില്‍ വന്ന ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വാക്ക് പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസ് നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

ചത്തീസ്ഗഡില്‍ അധികാരമേറ്റുടന്‍ കര്‍ഷക കടങ്ങള്‍ എഴുതി തള്ളുകയും നെല്ലിന്റെ താങ്ങുവില 2,500 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു സര്‍ക്കാര്‍. രാജ്യത്തെ കര്‍ഷകര്‍ ഒറ്റക്കല്ലെന്ന സന്ദേശം നല്‍കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

നന്നായി പ്രസംഗിക്കാനറിയുന്ന വ്യക്തിയാണ് മോദി. വാഗ്ദാനങ്ങളുടെ നീണ്ട നിര തന്നെ പ്രഖ്യാപിക്കുകയുണ്ടായെങ്കിലും, ഒന്നും തന്നെ നടപ്പിലാക്കാന്‍ അദ്ദേഹം ശ്രമിച്ചില്ലെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് രാജ്യത്ത് ഒരുമയുടെ ആശയം പ്രചരിപ്പിക്കുമ്പോള്‍, ജാതിയുടെയും, മതത്തിന്റെയും വംശത്തിന്റെയും പേരില്‍ വിഭജിക്കുന്നതാണ് മോദിയും സംഘവും ചെയ്യുന്ന പണിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.