കാശ്മീര്‍ വെടിനിര്‍ത്തല്‍: അമിത് ഷാ മന്ത്രിമാരെ ചര്‍ച്ചയ്ക്കു വിളിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാശ്മീര്‍ വെടിനിര്‍ത്തല്‍: അമിത് ഷാ മന്ത്രിമാരെ ചര്‍ച്ചയ്ക്കു വിളിച്ചു
ന്യൂഡല്‍ഹി: കാശ്മീരില്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ കഴിയില്ലെന്ന് കേന്ദ്രം തീരുമാനിച്ച സാഹചര്യത്തില്‍ ചര്‍ച്ചയ്ക്കായി കശ്മീര്‍ മന്ത്രിമാരെ ബിജെപി ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചു.റംസാന്‍ പ്രമാണിച്ചാണ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
 
ബിജെപി കശ്മീര്‍ സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ റെയ്‌നയുടെ നേതൃത്വത്തിലായിരിക്കും ജമ്മു-കശ്മീര്‍ മന്ത്രിമാര്‍ ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ, ജനറല്‍ സെക്രട്ടറി റാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ച. വെടിനിര്‍ത്തല്‍ നീട്ടുന്നത് സംബന്ധിച്ച് ബിജെപിയും പിഡിപിയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വം ഇടപെടുന്നത്.
 
വെടിനിര്‍ത്തല്‍ നീട്ടണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി നിലപാടെടുത്തിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഒരു സൈനികനെയും മാധ്യമപ്രവര്‍ത്തകനെയും ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ നീട്ടേണ്ടതില്ലെന്ന് കേന്ദ്രം നിലപാടെടുത്തത്. ഇതിന് പുറമെ, കേന്ദ്ര ആഭ്യന്തര മന്ത്രി സൈനിക നടപടി ആരംഭിക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു.
 
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ അടുത്ത ശനിയാഴ്ച കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്.