ബിജെപി നേതാക്കൾ ഗവർണറെ കണ്ടു; യെദ്യൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചേക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപി നേതാക്കൾ ഗവർണറെ കണ്ടു; യെദ്യൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചേക്കും

ബെംഗളൂരു: മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കർണാടകത്തിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ബിജെപി നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെ കണ്ടു. എംഎൽഎമാരുടെ പിന്തുണക്കത്ത് കൈമാറി. 

നാളെ സത്യപ്രതിജ്ഞയ്ക്കായി യെദ്യൂരപ്പയെ ക്ഷണിക്കുമെന്നാണ് സൂചന. അതേസമയം സർക്കാർ രൂപീകരണ നീക്കത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. മുഴുവൻ എംഎൽഎമാരും എത്താത്തതിനാൽ മണിക്കൂറുകൾ വൈകിയാണ് കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നത്. യോഗത്തിൽ സിദ്ധരാമയ്യയ്ക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ നയിച്ചാൽ പാർട്ടി വൻപരാജയം നേരിടുമെന്ന് ഒരു വിഭാഗം വിമർശിച്ചു. 

ജെഡിഎസിനുള്ള പിന്തുണ കത്തിൽ 2 കോൺഗ്രസ് എംഎൽഎമാർ ഇതുവരെ ഒപ്പിട്ടിട്ടില്ല. എന്നാൽ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജെഡിഎസ്. കക്ഷിനേതാവായി എച്ച്. ഡി. കുമാരസ്വാമിയെ ജെഡിഎസ് തെരഞ്ഞെടുത്തു. അതിനിടെ കുതിരക്കച്ചവടത്തിന് കളമൊരുങ്ങുന്നെന്ന് ആരോപണമുണ്ട്. നാല് ജെഡിഎസ് എംഎൽഎമാരെയും 5 കോൺഗ്രസ് എംഎൽഎമാരെയും ബിജെപി സമീപിച്ചെന്നാണ് സൂചന.