തിരഞ്ഞെടുപ്പിന് ബിജെപി; മോദി പങ്കെടുക്കേണ്ട പദ്ധതികളുടെ പട്ടിക സമർപ്പിക്കാൻ നിർദേശം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരഞ്ഞെടുപ്പിന് ബിജെപി; മോദി പങ്കെടുക്കേണ്ട പദ്ധതികളുടെ പട്ടിക സമർപ്പിക്കാൻ നിർദേശം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ തയാറാകുന്ന വൻകിട പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നൽകി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യേണ്ടതും ശിലാസ്ഥാപനം നടത്തേണ്ടതുമായ പദ്ധതികളുടെ പട്ടിക തയാറാക്കുകയാണു ലക്ഷ്യം.

റോഡ് വികസനം, റെയില്‍വേ, വ്യോമയാനം, പാര്‍പ്പിടം, നഗരവികസനം തുടങ്ങി അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കാണു മുന്‍ഗണന. പദ്ധതികളുടെ നിര്‍മാണച്ചെലവ്, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം, ലഭ്യമായ അനുമതികള്‍ തുടങ്ങിയ വിവരങ്ങളാണു നല്‍കേണ്ടത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ പദ്ധതികള്‍ക്കു തുടക്കമിടുകയാണു ലക്ഷ്യം. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾക്കു കിട്ടുന്ന വാർത്താപ്രാധാന്യം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനാവും. വികസനോന്മുഖ സർക്കാരെന്ന പ്രതിച്ഛായയും ഗുണകരമാകുമെന്നാണു വിലയിരുത്തൽ.