ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ നിര്‍ണ്ണായക ദേശീയ കൌണ്‍സില്‍ യോഗത്തിന് ഡല്‍ഹിയില്‍ ഇന്ന് തുടക്കമാവും. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടുമെന്ന പ്രഖ്യാപനം കൌണ്‍സിലിലുണ്ടാകും. 

ഇന്ന് ഉച്ചയ്‌ക്കു ചേരുന്ന പൊതുസമ്മേളനത്തില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കൗണ്‍സില്‍ ഉദ്‌ഘാടനം ചെയ്യും. നാളെ ഉച്ചയ്ക്ക് രണ്ടരയ്‌ക്ക് ചേരുന്ന സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ മുന്‍ നിര്‍ത്തിയുള്ള പ്രചരണം, തന്ത്രം, മുദ്രാവാക്യങ്ങള്‍ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ കൌണ്‍സില്‍ ഉണ്ടായേക്കും. രാഷ്ട്രീയ, സംഘടനാ പ്രമേയങ്ങള്‍ പാസാക്കും. ശബരിമല, അയോധ്യ എന്നീ വിഷയങ്ങളിലെ പാര്‍ട്ടി നിലപാടിനെ കുറിച്ചും നീക്കത്തെപറ്റിയും ഇവയില്‍ പരാമര്‍ശമുണ്ടായേക്കും. നാലേ മുക്കാല്‍ കൊല്ലത്തെ മോദി സര്‍ക്കാര്‍ ഭരണത്തിന്റെ നേട്ടങ്ങളവതരിപ്പിച്ച് കൊണ്ടുള്ള പ്രത്യേക പ്രമേയമുണ്ടാകും.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍ തുടങ്ങിയര്‍ യോഗത്തില്‍ പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രണ്ടു ദിവസത്തെ യോഗം നേതാക്കളും പ്രവര്‍ത്തകരും അടക്കം 12,000ത്തോളം പേരെ പങ്കെടുക്കും. കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള,കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വി.മുരളീധരന്‍ എം.പി എന്നിവരും പുറമെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കും.

തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഭരണം കൈവിട്ടതും കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്യും. ബി.ജെ.പി ദേശീയ തലത്തില്‍ ഉന്നയിക്കാന്‍ തീരുമാനിച്ച ശബരിമലയിലെ യുവതി പ്രവേശനമാണ് കൗണ്‍സിലിന്റെ മറ്റൊരു പ്രധാന വിഷയം. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശവും പ്രമേയത്തില്‍ ഇടം പിടിച്ചേക്കും. അയോദ്ധ്യാ കേസ് 29ലേക്ക് മാറ്റിയ സുപ്രീംകോടതി തീരുമാനവും വിമര്‍ശന വിധേയമാകാന്‍ സാദ്ധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസവും രാംലീലാ മൈതാനിയിലെ യോഗ സ്ഥലത്ത് ക്യാമ്ബു ചെയ്യുന്നതിനാല്‍ പ്രധാനമന്ത്രിയുടെ ഒാഫീസും താത്‌ക്കാലികമായി ഇവിടെ പ്രവര്‍ത്തിക്കും.
 


LATEST NEWS