ബിജെപിയെ ബലാത്സംഗ ജനതാ പാര്‍ട്ടി എന്നാക്കി മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപിയെ ബലാത്സംഗ ജനതാ പാര്‍ട്ടി എന്നാക്കി മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്

ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയെ ബലാത്സംഗ ജനതാ പാര്‍ട്ടി എന്നാക്കി മാറ്റണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ് പറ‌ഞ്ഞു. ഉന്നാവോ, കത്വ പീഡനക്കേസുകളുടെ പശ്ചാത്തലത്തിലാണ് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. 

ബി.ജെ.പിയുടെ ഇരുപതോളം വരുന്ന പ്രമുഖ നേതാക്കള്‍ പീഡനക്കേസില്‍ പ്രതികളാണെന്ന് വായിച്ചറിഞ്ഞിരിക്കുന്നു. ഈ സമയത്ത് ഭാരതീയ ജനതാ പാര്‍ട്ടി എന്ന പാര്‍ട്ടിയുടെ പേര് ബലാത്സംഗ ജനതാ പാര്‍ട്ടി എന്നാക്കി മാറ്റുന്നതാവും ഏറ്റവും ഉചിതമെന്ന് കമല്‍ നാഥ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഉന്നാവോ പീഡനക്കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്‌തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് സെന്‍ഗാറിന്റെ അറസ്റ്റ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 366, 376, 506 എന്നീ വകുപ്പുകളും പോക്സോ നിയമപ്രകാരമാണ് എം.എല്‍.എക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.