ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നു; 10 മരണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നു; 10  മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൗവില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മൗ ജില്ലയിലെ മൊഹമ്മദാബാദിലായിരുന്നു അപകടം. 

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് നിരവധിപേര്‍ താമസിക്കുന്ന ഇരുനില കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടത്തിലെ ഒരു സ്ത്രീ രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോര്‍ട്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.