ഗുജറാത്തിലെ സൂറത്തില്‍ പട്ടിദാര്‍ പ്രക്ഷോഭര്‍ രണ്ടു ബസുകള്‍ കത്തിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഗുജറാത്തിലെ സൂറത്തില്‍ പട്ടിദാര്‍ പ്രക്ഷോഭര്‍ രണ്ടു ബസുകള്‍ കത്തിച്ചു

ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ പട്ടിദാര്‍ പ്രക്ഷോഭര്‍ രണ്ടു ബസുകള്‍ അഗ്നിക്കിരയാക്കി. സൂറത്തിലെ ഡയമണ്ട് സിറ്റിയില്‍ ബിജെപി യുവമോര്‍ച്ച നടത്തിയ പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് പട്ടിദാര്‍ പ്രക്ഷോഭകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് പ്രക്ഷോഭകര്‍ ബസുകള്‍ക്ക് തീയിട്ടത്.

സംഭവത്തെ തുടര്‍ന്ന് പന്ത്രണ്ടോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സൗരാഷ്ട്ര ഭവനില്‍ നടന്ന ബിജെപി സംഘടിപ്പിച്ച പരിപാടിയാണ് ഹര്‍ദിക് പട്ടേലിന്റെ പട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതിയുടെ നേതൃത്വത്തില്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് സൂറത്തില്‍ നിന്ന് ചില സമിതി അംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

ബസ് അഗ്നിക്കിരയാക്കിയ സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലികളിലും പട്ടേല്‍ സമുദായത്തിന് സംവരണം വേണമെന്നാവശ്യപ്പെട്ട് 2015 മുതല്‍ ഗുജറാത്തില്‍ പ്രക്ഷോഭം നടത്തി വരികയാണ് ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി.
 


LATEST NEWS