ആഗ്ലോ ഇന്ത്യന്‍ സംവരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആഗ്ലോ ഇന്ത്യന്‍ സംവരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ലോക്സഭയിലെ ആഗ്ലോ ഇന്ത്യന്‍ സംവരണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച നിര്‍ദേശം അംഗീകരിച്ചത്. പാര്‍ലമെന്‍റിലും സംസ്ഥാനത്തെ നിയമസഭകളിലും എസ്.സി-എസ്.ടി വിഭാഗത്തിനും ആഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ക്കും ഏര്‍പ്പെടുത്തിയ സംവരണം നീട്ടുന്നതുമായി ബന്ധപ്പെട്ട് ബില്‍ പരിഗണിക്കുന്ന ഘട്ടത്തിലാണ് ആഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനുള്ള സംവരണം അവസാനിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. 

നിയമനിര്‍മ്മാണ സഭകളിലെ സംവരണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭ ഉപസമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് പുതിയ പരിഷ്കാരം എന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്, സാമൂഹികനീതി മന്ത്രി തവര്‍ചന്ദ് ഗെല്ലോട്ട് എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതിയാണ് വിഷയം പരിഗണിച്ചത്. 

രാജ്യത്തെ ആഗ്ലോ ഇന്ത്യന്‍ സമൂഹം ഇപ്പോള്‍ ഭേദപ്പെട്ട ജീവിതനിലവാരത്തിലെത്തിയെന്നും ഇനിയവര്‍ക്ക് പാര്‍ലമെന്‍റില്‍ പ്രത്യേക സംവരണത്തിന്‍റെ ആവശ്യമില്ലെന്നുമുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സംവരണം പിന്‍വലിച്ചത് എന്നാണ് സൂചന. സംവരണം പിന്‍വലിച്ച ശേഷം സ്ഥിഗതികള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ അതു പുനപരിശോധിക്കുമെന്ന നിലപാടിലാണ് കേന്ദ്രം എന്നാണ് സൂചന. 


LATEST NEWS