പ്രതിപക്ഷത്തിന്‍റെ ഐക്യം വീണ്ടും തെളിയിക്കുന്ന വേദിയായി ചന്ദ്രബാബു നായിഡുവിന്‍റെ നിരാഹാരസമരവേദി; വേദിയിൽ ശിവസേന നേതാവും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രതിപക്ഷത്തിന്‍റെ ഐക്യം വീണ്ടും തെളിയിക്കുന്ന വേദിയായി ചന്ദ്രബാബു നായിഡുവിന്‍റെ നിരാഹാരസമരവേദി; വേദിയിൽ ശിവസേന നേതാവും

ബിജെപിക്കെതിരായ പ്രതിപക്ഷത്തിന്‍റെ ഐക്യം വീണ്ടും തെളിയിക്കുന്ന വേദിയായി മാറി ഡൽഹിയിലെ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നിരാഹാരസമരവേദി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ,  എന്നിവരെത്തിയ വേദിയിലേക്ക് ശിവസേനാ നേതാവ് സഞ്ജയ് റാവത്തും എത്തിയത് ശ്രദ്ധേയമായി. 

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, എൻസി അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള, എൻ,സിപി നേതാവ് മജീദ് മേമൺ, തൃണമൂൽ നേതാവ് ഡെറക് ഒബ്രയാൻ, ഡിഎംകെ നേതാവ് തിരുച്ചി ശിവ, ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, എസ്‍പി അധ്യക്ഷൻ മുലായം സിംഗ് യാദവ് എന്നിങ്ങനെ പ്രതിപക്ഷ നേതൃനിരയിലെ നിരവധി നേതാക്കൾ നായിഡുവിന് പിന്തുണയുമായെത്തി.

അതേസമയം, ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് വേദിയിൽ എത്തിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി.  മഹാരാഷ്ട്രയിലുൾപ്പടെ ശിവസേനയുമായുള്ള പടലപ്പിണക്കത്തിന്‍റെ മഞ്ഞുരുക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടിയാണ് ശിവസേനയുടെ ഈ നീക്കം. 

ഡൽഹിയിലെ ആന്ധ്രാഭവനിലാണ് ചന്ദ്രബാബു നായിഡുവിന്‍റെ നിരാഹാരസമരം നടക്കുന്നത്. ആന്ധ്രയ്ക്ക് പ്രത്യേകപദവി ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിരാഹാരസമരം നടത്തുന്നത്. 2014- തെലങ്കാന, ആന്ധ്ര എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായി ആന്ധ്രാപ്രദേശിനെ വിഭജിച്ചപ്പോൾ കേന്ദ്രസർക്കാർ നൽകിയ വാഗ്ദാ‍നങ്ങളൊന്നും പാലിച്ചില്ലെന്നാരോപിച്ചാണ് സമരം.