ചാന്ദ്രയാന്‍ 2 വിക്ഷേപണം ഈ മാസം തന്നെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചാന്ദ്രയാന്‍ 2 വിക്ഷേപണം ഈ മാസം തന്നെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

ശ്രീഹരിക്കോട്ട: സാങ്കേതിക തകരാര്‍ മൂലം മാറ്റിവെച്ച ചാന്ദ്രയാന്‍ 2 വിക്ഷേപണം ഈ മാസം തന്നെ ഉണ്ടായേക്കുമെന്ന് സൂചന. സാറ്റലൈറ്റും റോക്കറ്റും പൂര്‍ണമായും സുരക്ഷിതമാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന വിക്ഷേപണം മാറ്റിവെച്ചത്. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ ശേഷിക്കെയാണ് പിഴവ് കണ്ടെത്തിയത്.

ക്രയോജനിക് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ജി.എസ്.എല്‍വി മാര്‍ക്ക് 3 ലെ പിഴവ് ശ്രദ്ധയില്‍പ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റോക്കറ്റില്‍ നിറച്ചിരിക്കുന്ന ക്രയോജനിക് ഇന്ധനം പൂര്‍ണമായും മാറ്റിയ ശേഷമെ പിഴവ് പരിഹരിക്കാന്‍ സാധിക്കൂ. ഇതിന് പത്ത് ദിവസത്തോളം വേണ്ടി വരും. അതിനു ശേഷം വിക്ഷേപണത്തിനുള്ള പുതിയ തീയതി തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 2:51 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും 3,850 കിലോ ഭാരമുള്ള ബഹിരാകാശ പേടകം വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നത്. വിക്ഷേപണത്തിന് 56:24 മിനിട്ട് ശേഷിക്കെയാണ് സാങ്കേതിക പിഴവ് കണ്ടെത്തിയതും കൗണ്ട് ഡൗണ്‍ നിര്‍ത്തിവച്ചതും. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനും നിറച്ചെന്ന അറിയിപ്പു വന്നതിനു പിന്നാലെയായിരുന്നു കൗണ്ട് ഡൗണ്‍ നിര്‍ത്തിയത്.