മസ്തിഷ്ക്കവീക്കം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം എൺപത്തിനാലായി;കേന്ദ്ര ആരോഗ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മസ്തിഷ്ക്കവീക്കം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം എൺപത്തിനാലായി;കേന്ദ്ര ആരോഗ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധം

പട്ന: ബിഹാറിലെ മുസഫർപൂരിൽ മസ്തിഷ്ക്കവീക്കം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം എൺപത്തിനാലായി. അസുഖബാധയെത്തുടർന്ന് ബിഹാർ സന്ദർശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. ജൻ അധികാർ പാർട്ടി പ്രവർത്തകരാണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. 

അസുഖബാധിതർ ഏറെയുള്ള ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  മന്ത്രി സന്ദർശനം നടത്തുന്നതിനിടെയായിരുന്നു പ്രതിഷേധം. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി കാട്ടിയതെന്ന് പാർട്ടി പ്രവർത്തക‍ർ പറഞ്ഞു. കേന്ദ്രം സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും രോഗബാധ തടയാനുള്ള ശ്രമങ്ങളിൽ സംസ്ഥാന സർക്കാരിന് വേണ്ട എല്ലാ സഹായവും ചെയ്യുമെന്നും ഹർഷവർധൻ പറഞ്ഞു. ആശുപത്രിയിലെ ഡോക്ടർമാരുമായും മന്ത്രി ചർച്ച നടത്തി. 

ജനുവരി മുതൽ മുസഫർപൂരിൽ മാത്രം മസ്തിഷ്ക ജ്വരം ബാധിച്ച് 134 കുഞ്ഞുങ്ങളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ മാത്രം 119 കുഞ്ഞുങ്ങൾ കടുത്ത പനിയും മസ്തിഷ്ക ജ്വരവും ബാധിച്ച് ചികിത്സ തേടിയെത്തി. രണ്ട് ദിവസം മുമ്പ് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 48 ആയിരുന്നു. ഇതാണ് കുത്തനെ കൂടിയിരിക്കുന്നത്. നാഡീവ്യൂഹത്തിനെയാണ് അക്യൂട്ട് എൻസിഫിലൈറ്റിസ് സിൻഡ്രോം ബാധിച്ചത്. കുഞ്ഞുങ്ങളെയും ചെറുപ്പക്കാരെയുമാണ് രോഗം കൂടുതൽ ബാധിക്കുന്നത്. കടുത്ത പനിയാണ് രോഗത്തിന്‍റെ ആദ്യലക്ഷണം. പിന്നീട് ബോധമില്ലാതെ പിച്ചും പേയും പറയാന്‍ തുടങ്ങും. വിറയൽ, സ്ഥലകാലബോധമില്ലായ്മ അങ്ങനെ അസുഖം കോമയിലേക്ക് നീങ്ങും. മഴക്കാലത്താണ് ഈ രോഗം സാധാരണ പടർന്നു പിടിക്കാൻ സാധ്യത. എന്നാല്‍ ഇത്തവണ വേനൽക്കാലത്താണ് ബിഹാറിൽ രോഗം പടർന്നിരിക്കുന്നത്. 


LATEST NEWS