ഗോരഖ്പുര്‍ ദുരന്തം : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ആശുപത്രി സന്ദര്‍ശിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗോരഖ്പുര്‍ ദുരന്തം : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ആശുപത്രി സന്ദര്‍ശിച്ചു

ലഖ്നൗ: ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച ഗോരഖ്പുരിലെ ആശുപത്രിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ മന്ത്രി ജെ,പി നഡ്ഡയും സന്ദര്‍ശനം നടത്തി. അതിനിടെ മരിച്ച കുട്ടികളുടെ എണ്ണം 70 ആയി.

ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയും ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ എത്തിയത്. ജനരോക്ഷം ഭയന്ന് വന്‍ പോലീസ് സന്നാഹതോടെയാണ് ആശുപത്രിയിലും വിന്യസിപ്പിച്ചിരുന്നത്.മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ആശുപത്രിയുടെ ചുമതല രാജ്കിയ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ സിംഗിനെ ഏല്‍പ്പിച്ചു.

ഓക്‌സിജന്‍ പ്രശ്‌നമല്ല കുട്ടികള്‍ മരിച്ചതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. ബി.ആര്‍.ഡി ആസ്പത്രിയെ മാതൃകാ ആസ്പത്രിയായി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിന് പിന്നാലെയാണ് ഈ ദുരന്തമുണ്ടാകുന്നത്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ കോണില്‍ നിന്ന് ഉയരുന്നത്.

ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 70 ആയി. സംഭവത്തെപറ്റി വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 68 ലക്ഷം രൂപ കുടിശ്ശിക തുക കൊടുത്തു തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് കമ്പനി ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെച്ചത്. മൂന്നു വാര്‍ഡുകളിലായി പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചത്. ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടും ആശുപത്രി അധികൃതര്‍ വിഷയം ഗൗരവത്തിലെടുക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. പ്രതിഷേധ സൂചകമായി ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെച്ച ആദ്യ ദിവസം 20 കുട്ടികളാണ് ശ്വാസം കിട്ടാതെ മരിച്ചത്. 

എന്‍സഫലൈറ്റിസ് ബാധിച്ച കുട്ടികളാണ് മരിച്ചവരില്‍ കൂടുതലും. ഉത്തര്‍പ്രദേശിലെ കുട്ടികളിലെ എന്‍സഫലൈറ്റിസ് രോഗം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതിനിടയിലാണ് ദാരുണ സംഭവം നടന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനം പരിശോധിക്കാനായി രണ്ടു ദിവസം മുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതേ ആശുപത്രിയില്‍ എത്തിയിരുന്നു.