ആഭ്യന്തര കമ്പനികള്‍ക്കും കോര്‍പറേറ്റ് കമ്പനികള്‍ക്കും നികുതിയില്‍ ഇളവു പ്രഖ്യാപിച്ച നടപടി ചരിത്രപരം : നരേന്ദ്ര മോദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആഭ്യന്തര കമ്പനികള്‍ക്കും കോര്‍പറേറ്റ് കമ്പനികള്‍ക്കും നികുതിയില്‍ ഇളവു പ്രഖ്യാപിച്ച നടപടി ചരിത്രപരം : നരേന്ദ്ര മോദി

ന്യൂഡല്‍ഹി:  ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക മാനുഫാക്ചറിങ്ങ് കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച നടപടിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ആഴ്ചകളില്‍ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക ഉത്തേജന  നടപടികള്‍ വ്യക്തമാക്കുന്നത് രാജ്യത്ത് വ്യവസായം നടത്തുന്നതിനുള്ള മികച്ച കേന്ദ്രമാക്കി മാറ്റുന്നതിന് തന്റെ സര്‍ക്കാര്‍ ഒരവസരവും പാഴാക്കുന്നില്ല എന്നാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. 
 സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അവസരങ്ങള്‍ മെച്ചപ്പെടുത്താനും രാജ്യത്തെ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കി ഉയര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ് പ്രഖ്യാപനങ്ങളെന്നും മോദി ട്വീറ്റ് ചെയ്തു.  കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ച നടപടി ചരിത്രപരമാണ്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ഉത്തേജിപ്പിക്കുന്നതാണ് അത്. ആഗോള തലത്തില്‍ രാജ്യത്തേക്ക് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കപ്പെടും. നമ്മുടെ സ്വകാര്യമേഖലയുടെ മത്സരക്ഷമത ശക്തിപ്പെടുത്തും. രാജ്യത്തെ 130 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യും- മോദി വിശദീകരിക്കുന്നു. 
 ആറുവര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയും 45 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയും ഉയര്‍ത്തുന്ന പ്രതിസന്ധിയെ മറികടക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക ഉത്തേജന പദ്ധതികളുമായി രംഗത്ത് വന്നത്. ഇതിന്റെ ഭാഗമായാണ് കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിയത്. 
 ഇതനുസരിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികളും പ്രാദേശിക മാനുഫാക്ചറിങ് കമ്പനികളും ഇനി സെസ്സും എല്ലാ സര്‍ചാര്‍ജുകളും ഉള്‍പ്പെടെ 25.17 ശതമാനം നികുതി അടച്ചാല്‍ മതിയാകും. നേരത്തെ ഇത് 30 ശതമാനമായിരുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്ന കമ്പനികള്‍ക്ക് മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്സ് (MAT) 18 ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി കുറച്ചിട്ടുമുണ്ട്. ചൈന, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി മത്സരിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി പ്രഖ്യാപിച്ചത്.