അമർനാഥ് തീർഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു 16 മരണം, 27 പേർക്കു പരുക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമർനാഥ് തീർഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു 16 മരണം, 27 പേർക്കു പരുക്ക്

ജമ്മു: അമർനാഥ് തീർഥാടകരുടെ ബസ് ജമ്മു – ശ്രീനഗർ ദേശീയപാതയിൽനിന്നു തെന്നി കൊക്കയിൽ പതിച്ചു 16 മരണം; 27 പേർക്കു പരുക്കേറ്റു. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്. കശ്മീരിലെ റമ്പാൻ ജില്ലയിലാണു നാടിനെ നടുക്കിയ അപകടം. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. 

യുപി, ബിഹാർ, രാജസ്ഥാൻ, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകരാണു ബസിലുണ്ടായിരുന്നത്. ജമ്മു – കശ്മീർ സ്റ്റേറ്റ് റോ‍ഡ് ട്രാൻസ്പോർട്ട് കോർപറേഷൻ(ജെകെഎസ്ആർടിസി) വക ബസുകളുടെ നീണ്ട നിര മൊത്തം 3,603 തീർഥാടകരെയും വഹിച്ചു പോകുമ്പോൾ അതിലൊന്നാണ് അപകടത്തിൽപെട്ടത്. മഴയും മണ്ണിടിച്ചിലുമാണ് അപകടത്തിലേക്കു നയിച്ചത്. 

മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളാണെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ വിമാനത്തിൽ ജമ്മുവിലെത്തിച്ചു ചികിൽസിക്കുകയാണ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ജമ്മു – കശ്മീർ ഗവർണർ എൻ.എൻ. വോറ, മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരെ വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വിവരങ്ങൾ ആരാഞ്ഞു.