പാകിസ്താനില്‍ ദാവൂദ് ഇബ്രാഹിം ഉണ്ടെന്ന്  സഹോദരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാകിസ്താനില്‍ ദാവൂദ് ഇബ്രാഹിം ഉണ്ടെന്ന്  സഹോദരന്‍

താനെ: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍. പാകിസ്താനിലെ അഞ്ചോളം മേല്‍വിലാസം കസ്‌കര്‍ നല്‍കിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഇയാളെ താനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ദാവുദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് കസ്‌കര്‍ പോലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്‌.

ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്നും വിട്ട് തരണമെന്നും ഇന്ത്യ ആവശ്യപ്പെടുമ്പോഴൊക്കെ ഇക്കാര്യം പാകിസ്താന്‍ നിഷേധിച്ചിരുന്നു. കസ്‌കറിന്റെ വെളിപ്പെടുത്തലോടെ പാകിസ്താന്‍ ഇതുവരെ പറഞ്ഞതെല്ലാം കളവായിരുന്നുവെന്നും അധികൃതര്‍ക്ക് വ്യക്തമായിട്ടുണ്ട്. സെപ്തംബര്‍ പതിനെട്ടിന് ആയിരുന്നു ഇക്ബാല്‍ കസ്‌കറിനെയും മറ്റ് രണ്ട് സഹായികളെയും താനെ ക്രൈബ്രാഞ്ച് പോലീസിന്റെ കവര്‍ച്ചാ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്.

മൂന്ന് വര്‍ഷത്തോളമായി ദാവൂദ് തന്നോടോ രാജ്യത്തെ മറ്റ് ബന്ധുക്കളുമായോ സംസാരിക്കാറില്ലായിരുന്നു. എന്നാല്‍ മറ്റൊരു സഹോദരനായ അനീസ് അഹമ്മദുമായി താന്‍ പലപ്പോഴും ബന്ധപ്പെട്ടിരുന്നുവെന്നും കസ്‌കര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ പല ഇടപാടുകള്‍ക്കും സഹായി ആയി നിന്നിരുന്ന ആളാണ് അനീസ് അഹമ്മദ്. മാത്രമല്ല 1993 ലെ മുംബൈ സ്‌ഫോടനത്തില്‍ കുറ്റം ചേര്‍ക്കപ്പെട്ട ആള്‍ കൂടിയായ അനീസ് പല വിദേശ ഫോണ്‍ നമ്പറുകളില്‍ നിന്നായി വിവിധ സമയങ്ങളില്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നാണ് കസ്‌കര്‍ പറയുന്നത്.

കസ്‌കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കിലും 1993 ലെ മുംബൈ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് കരുതുന്ന അനീസ് അഹമ്മദുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടെ ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ തയ്യാറാവുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായി കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ വ്യക്തമാക്കിയുന്നു. തന്റെ ഫെയിസ്ബുക്ക് പേജിന്റെ ഉദ്ഘാടന വേളയിലായിരുന്നു രാജ് താക്കറെ ദാവൂദ് കീഴടങ്ങാന്‍ തയ്യാറാവുന്നതായി വെളിപ്പെടുത്തിയിരുന്നത്.


LATEST NEWS