രാജ്യത്തെ വജ്ര വ്യാപരത്തിലും പിടിമുറുക്കി സാമ്പത്തിക മാന്ദ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യത്തെ വജ്ര വ്യാപരത്തിലും പിടിമുറുക്കി സാമ്പത്തിക മാന്ദ്യം

മുംബൈ: രൂക്ഷമായ സാമ്പത്തിക മാന്ദ്യം രാജ്യത്തെ വജ്ര വ്യാപരത്തിലും പിടിമുറുക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വജ്രവ്യാപാരം നടക്കുന്ന ഗുജറാത്തിലെ സൂറത്തില്‍ 2018 ഡിസംബര്‍ മുതല്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായാതായാണ് കണക്ക്.

നാല് മാസങ്ങള്‍ക്കിടെ ആവശ്യകത വന്‍ തോതില്‍ കുറഞ്ഞതോടെ പോളിഷ്ഡ് വജ്രങ്ങളുടെ വില പത്ത് ശതമാനത്തോളമാണ് കുറ‍ഞ്ഞത്. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കിടെ തന്നെ വജ്ര മേഖലയില്‍ ജോലി ചെയ്തിരുന്ന പതിനയ്യായിരത്തോളം തൊഴിലാളികള്‍ക്കാണ് ഗുജറാത്തിലെ സൂറത്തില്‍ ജോലി നഷ്ടമായത്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം രാജ്യത്തെ വജ്രമേഖല അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്. 2018 ഡിസംബര്‍ മുതല്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായി.

ചൈന - അമേരിക്ക വ്യാപാര യുദ്ധത്തില്‍ പ്രതിസന്ധിയിലായിരുന്ന വജ്രമേഖലക്ക് സാമ്പത്തിക മാന്ദ്യവും ജി.എസ്.ടി പ്രശ്നങ്ങളും കൂടിയായതോടെ ഇരട്ടി പ്രഹരമാവുകയായിരുന്നു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വജ്രങ്ങളുടെ കട്ടിങ് പോളിഷ് തുടങ്ങിയ ജോലികള്‍ ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇതില്‍ 95 ശതമാനം ഡയമണ്ട് അനുബന്ധ ജോലികളും സൂറത്തിലും ഗുജറാത്തിലെ മറ്റ് നഗരങ്ങളിലുമാണ് നടക്കുന്നത്.

ഏഴ് ലക്ഷത്തിലധികം തൊഴിലാളികളാണ് മൂവായിരം ചെറുകിട ഇടത്തരം വജ്ര കമ്പനികളിലായി സൂറത്തില്‍ ജോലി ചെയ്യുന്നത്. തൊഴില്‍ നഷ്ടപ്പെടുന്ന സംഭവം നിഷേധിക്കാനാകില്ലെന്ന് സൂറത്ത് ഡയമണ്ട് അസോസിയേഷന്‍ പ്രസിഡന്‍റ് ബാബു ഗുജറാത്തി പറഞ്ഞു. ബുധാനാഴ്ച വജ്ര വ്യാപര സംഘടന പ്രതിനിധികള്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി നിലവിലെ പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

ജി.എസ്.ടി കുറക്കണമന്നതടക്കമുള്ള ആവശ്യങ്ങള്‍ വജ്രവ്യാപാരികള്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. നാല് മാസങ്ങള്‍ക്കിടെ ആവശ്യകത വന്‍തോതില്‍ കുറഞ്ഞതോടെ പോളിഷ്ഡ് വജ്രങ്ങളുടെ വില പത്ത് ശതമാനത്തോളമാണ് കുറ‍ഞ്ഞത്. ജൂലൈയില്‍ 18.15 ശതമാനം പോളിഷ്ഡ് ഡയമണ്ടിന്‍റെ കയറ്റുമതി ഇടിഞ്ഞതായും ആകെ ജ്വല്ലറി, രത്നങ്ങള്‍ എന്നിവയുടെ കയറ്റുമതി 6.67 ശതമാനം കുറഞ്ഞതായും സംഘടന പറയുന്നു.

 
 


LATEST NEWS