ശശികലയ്ക്ക് ജയിലില്‍  പ്രത്യേക സൗകര്യങ്ങള്‍: വെളിപ്പെടുത്തിയ ജയില്‍ ഡി.ഐ.ജി  സ്ഥലംമാറ്റം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ശശികലയ്ക്ക് ജയിലില്‍  പ്രത്യേക സൗകര്യങ്ങള്‍: വെളിപ്പെടുത്തിയ ജയില്‍ ഡി.ഐ.ജി  സ്ഥലംമാറ്റം

ബെംഗളൂരു: ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍  പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജയില്‍ ഡി.ഐ.ജി  സ്ഥലംമാറ്റം. ട്രാഫിക് വിങ്ങിലേക്കാണ് രൂപയെ സ്ഥലംമാറ്റിയിട്ടുള്ളത്.

ശശികലയ്ക്ക് പ്രത്യേക അടുക്കള അടക്കമുള്ള സൗകര്യങ്ങള്‍ ജയിലില്‍ ലഭിക്കുന്നുവെന്ന റിപ്പോര്‍ട്ട് രൂപ കഴിഞ്ഞയാഴ്ചയാണ് മേലുദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചത്. രണ്ടുകോടി രൂപ പ്രതിഫലം വാങ്ങിയാണ് ശശികലയ്ക്ക് ജയിലില്‍ സുഖവാസം ഒരുക്കുന്നതെന്ന ആരോപണവും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

ഇതേത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജയില്‍ ഡി.ജി.പി എച്ച്.എസ്.എന്‍ റാവു രൂപയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നുവെങ്കിലും അവര്‍ നിലപാടില്‍ ഉറച്ചുനിന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.

അതിനിടെ മാധ്യമങ്ങളുമായി സംസാരിച്ചതിന്റെ പേരില്‍ രൂപയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ശശികലയെ പാര്‍പ്പിച്ചിരിക്കുന്നത്.