ഫാ. ടോം ഉഴുന്നാലിനെ മോചനദ്രവ്യം ഉപയോഗിച്ചല്ല മോചിപ്പിച്ചത്; വി.കെ.സിങ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫാ. ടോം ഉഴുന്നാലിനെ മോചനദ്രവ്യം ഉപയോഗിച്ചല്ല മോചിപ്പിച്ചത്; വി.കെ.സിങ്

കോട്ടയം / തിരുവനന്തപുരം ∙ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനദൗത്യത്തിൽ വിശദീകരണങ്ങളുമായി കേന്ദ്ര സർക്കാർ. കേന്ദ്രം ഇടപെട്ടതുകൊണ്ടാണ് ഉഴുന്നാലിലിനെ മോചിപ്പിക്കാനായതെന്നു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനവും, ഫാ. ടോമിനെ രക്ഷിക്കാൻ മോചനദ്രവ്യം നൽകിയെന്ന പ്രചാരണം തെറ്റാണെന്നു വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങും അറിയിച്ചു. കോട്ടയം പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു കണ്ണന്താനം. തിരുവനന്തപുരത്താണ് വി.കെ.സിങ് മാധ്യമങ്ങളോടു പ്രതികരിച്ചത്.

ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്ര സർക്കാർ മികച്ച ഇടപെടലാണു നടത്തിയത്. വത്തിക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് ഉഴുന്നാലിലിനെ മോചിപ്പിക്കാൻ മുൻകൈ എടുത്തതെന്ന ആദ്യ പ്രസ്താവന ഒമാൻ പിന്നീട് തിരുത്തിയെന്നും കണ്ണന്താനം വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിനാണ് ഊന്നൽ നൽകേണ്ടത്. ഇന്ത്യ സുരക്ഷിതമല്ല എന്ന പ്രതീതി മറ്റു രാജ്യങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതു സംസ്ഥാനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയാണെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.

ഫാ. ടോമിനെ രക്ഷിക്കാൻ മോചനദ്രവ്യം കൊടുത്തെന്ന പ്രചാരണം തെറ്റാണെന്നും മോചനദ്രവ്യം നൽകിയിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പറഞ്ഞു. നയപരമായ ഇടപെടലിലൂടെയാണ് വൈദികന്റെ മോചനം സാധ്യമാക്കിയത്. എന്നാൽ മോചനത്തിനു ശേഷം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി ഫാദർ ടോം ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹം എന്നാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തുക എന്നതു സംബന്ധിച്ച് ഒന്നുമറിയില്ലെന്നും വി.കെ.സിങ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ച് നാലിനാണു തെക്കൻ യെമനിലെ ഏഡനിൽനിന്നു പാലാ രാമപുരം സ്വദേശി ഫാ.ടോം ഉഴുന്നാലിലിനെ ഭീകരർ തട്ടിക്കൊണ്ടു പോയത്. മോചനം സാധ്യമാക്കാൻ കേന്ദ്ര സർക്കാരും അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതിയും 18 മാസമായി ശ്രമിക്കുകയായിരുന്നു. പിന്നീട് സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്‌ദിന്റെ നിർദേശാനുസരണം യെമനിലുള്ളവരുമായി ചേർന്നുള്ള ഇടപെടലിലൂടെയാണു വൈദികനെ മോചിപ്പിച്ചതെന്ന് ഒമാൻ വ്യക്‌തമാക്കി.

ഒമാന്റെ ഇടപെടലിനെപ്പറ്റിയോ പങ്കിനെപ്പറ്റിയോ കേന്ദ്ര സർക്കാർ കൂടുതലൊന്നും പറഞ്ഞിരുന്നില്ല. ‘ഫാ. ടോം മോചിപ്പിക്കപ്പെട്ടെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്‘ – എന്നായിരുന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആദ്യ പ്രതികരണം. ഇന്ത്യൻ സർക്കാർ മോചനക്കാര്യത്തിൽ സജീവമായി ഇടപെടുന്നില്ലെന്ന് ഇടയ്ക്ക് ഫാ.ടോമും ബന്ധുക്കളും ആരോപണം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രണ്ട് കേന്ദ്രമന്ത്രിമാർ വിശദീകരണം നൽകിയതെന്നത് ശ്രദ്ധേയമാണ്. ഫാ.ടോം ആരുടെ പിടിയിലായിരുന്നെന്നോ മോചനത്തിന് അവർ എന്തെങ്കിലും വ്യവസ്‌ഥകൾ വച്ചോയെന്നോ ഒമാൻ വ്യക്‌തമാക്കിയിട്ടില്ല.

എന്നാൽ 65 കോടിയോളം രൂപ മോചനദ്രവ്യം കൊടുത്തെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഒമാനാണോ ഇന്ത്യയാണോ ഈ പണം കൈമാറിയതെന്നതും വ്യക്തമല്ല. എന്നാൽ, മോചനദ്രവ്യം കൊടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ് തറപ്പിച്ചു പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമാൻ സമയം 8.50ന് യെമനിൽനിന്ന് സൈനിക വിമാനത്തിലാണ് ഫാ. ടോമിനെ മസ്‌കത്തിൽ എത്തിച്ചത്. ഏതാനും മണിക്കൂർ വിശ്രമത്തിനുശേഷം അദ്ദേഹം വത്തിക്കാനിലേക്കു പോയി.


LATEST NEWS