കാലിത്തീറ്റ കുംഭകോണം : നീതിഷും പ്രതി ?

Maya Devi V.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാലിത്തീറ്റ കുംഭകോണം : നീതിഷും പ്രതി ?

രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ വിവാദത്തെത്തുടര്‍ന്ന് ജയിലിലായിരിക്കുന്നു. നീതിഷ്‌കുമാര്‍ എന്ത് കൊണ്ട് ഇപ്പോഴും സ്വാതന്ത്രനായി പുറത്ത് കഴിയുന്നു. ബീഹാര്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ഇപ്പോള്‍ പുകഞ്ഞ് കൊണ്ടിരിക്കുന്ന ഒരു ചോദ്യമിതാണ്. 1994ലെ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അന്ന് സമത പാര്‍ട്ടിയിലായിരുന്ന നീതിഷ് കുമാറിന് താന്‍ ഒരു കോടി രൂപ നല്‍കിയതായി കുംഭകോണക്കേസിലെ പ്രതികളില്‍ ഒരാളായ ശ്യാം ബിഹാരി സിന്‍ഹ സിബിഐയോട് സമ്മതിച്ചിരുന്നതല്ലേ? ഏറ്റവും ഒടുവിലാണ് സിന്‍ഹയും ലാലുവും തമ്മില്‍ ബന്ധമുണ്ടാകുന്നത്. ഇത് ലാലുവിനെ കുംഭകോണത്തിന്റെ കേന്ദ്രബിന്ദുവാക്കുകയും ഇപ്പോള്‍ അഴിക്കുളളിലാക്കുകയും ചെയ്തിരിക്കുന്നു.

  ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് മുതല്‍ ബീഹാറിലെ പ്രതിപക്ഷം ഇദ്ദേഹത്തിനെതിരെയുളള പോരാട്ടം ഏറെ ശക്തമാക്കിയിരുന്നു. കേസില്‍ നിതീഷിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനായ ശിവാനന്ദ് തിവാരിയെയും എന്ത് കൊണ്ട് കുറ്റം ചാര്‍ത്തിയില്ലെന്ന് സിബിഐ വിശദീകരിക്കണമെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി സെപ്റ്റംബര്‍ 20ന് ആവശ്യപ്പെട്ടതോടെ ഇത് കൂടുതല്‍ ശക്തമാകുകയും ചെയ്തു.
സിന്‍ഹയുടെ വെളിപ്പെടുത്തലനുസരിച്ച് തിവാരി 30ലക്ഷം രൂപ ആവശ്യപ്പെടുകയും കുംഭകോണക്കാര്‍ അത് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ മറുപടി നവംബര്‍ 22ന് നല്‍കണമെന്ന് കോടതി സിബിഐയോട് നിര്‍ദേശിച്ചിട്ടുമുണ്ട്. വിശ്വസ്യയോഗ്യമായ മറുപടി നല്‍കാന്‍ സിബിഐയ്ക്ക് കഴിയാത്ത പക്ഷം നിതീഷിന്റെ നില കൂടുതല്‍ പരുങ്ങലിലാകും.
വിവരാവകാശ രേഖകള്‍ പ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മിഥിലേഷ് കുമാര്‍ സിംഗ് എന്ന പൊതുപ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ,നീതിഷ്‌കുമാര്‍,ശിവാനന്ദ് തിവാരി തുടങ്ങി ഡസന്‍ കണക്കിന് രാഷ്ട്രീയക്കാര്‍ക്ക് അഴിമതിപ്പണം വീതം വച്ചിട്ടുണ്ടെന്നാണ് സിന്‍ഹയുടെ വെളിപ്പെടുത്തല്‍. സിന്‍ഹയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലുവും ജഗനാഥ് മിശ്രയും മാത്രം കുറ്റക്കാരാകുന്നത് എങ്ങനെയാണെന്ന് സിംഗ് ഉയര്‍ത്തുന്ന ചോദ്യം. നീതിഷിനെയും തിവരിയെയും എന്ത് കൊണ്ട് കുറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സിബിഐ മടിക്കുന്നുവെന്നും മിഥിലേഷ് കുമാര്‍ സിംഗ് ചോദിക്കുന്നു.
തന്റെ കൈവശമുളള രേഖകള്‍ പ്രകാരം നീതിഷ് കുമാര്‍ സിന്‍ഹയുടെ കയ്യില്‍ നിന്ന് രണ്ട് തവണ പണം കൈപ്പറ്റിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ഒരു കോടി നാല്‍പ്പത് ലക്ഷം രൂപയും ഓസ്‌ട്രേലിയന്‍ യാത്രയില്‍ ഷോപ്പിംഗുകള്‍ക്കായി അഞ്ചരലക്ഷം രൂപയും. വിമാനടിക്കറ്റുകളും ഇവരാണ് നല്‍കിയത്. ശിവാനന്ദ് തിവാരി മൂന്ന് തവണയായാണ് പണം വാങ്ങിത്. നീതിഷിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ ആവശ്യമായ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും സിംഗ് പറയുന്നു.
പ്രതിപക്ഷ കക്ഷികളെല്ലാം നീതിഷ് ചോരയ്ക്ക് വേണ്ടി ദാഹിക്കുന്നുണ്ട്. കുറ്റക്കാരുടെ പട്ടികയില്‍ സിബിഐ നീതിഷിനെയും ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി ഇവര്‍ തെരുവിലിറങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രിയ്‌ക്കെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുത്താനുളള ശ്രമവും ശക്തമാണ്. ഈ വഴിത്തിരിവ് നീതിഷ് കുമാറിനെ ഒരു വിഷമവൃത്തത്തിലേക്ക് എത്തിച്ചിരിക്കുന്നു. ബിഹാര്‍ രാഷ്ട്രീയത്തിലെ തന്റെ ബദ്ധശത്രുവിനോട് പോലും പ്രതികരിക്കാന്‍ നീതിഷ് കൂട്ടാക്കുന്നില്ല. ഇദ്ദേഹത്തിന്റെ മൗനം എല്ലാം വിശദീകരിക്കുന്നുണ്ട്.
നീതിഷ് കുമാര്‍,ശിവാനന്ദ് തിവാരി,ലലന്‍സിംഗ് തുടങ്ങിയവരുടെ കാര്യത്തില്‍ സിബിഐ പുലര്‍ത്തുന്ന മൗനവും ദുരൂഹമാണ്. ഇവരുടെ പേരുകള്‍ എന്ത് കൊണ്ടാണ് ഒഴിവാക്കപ്പെട്ടതെന്ന് നമുക്ക് അറിയേണ്ടതുണ്ടെന്ന് സിപിഐ എംഎല്‍ജനറല്‍ സെക്രട്ടറി ദീപാങ്കുര്‍ ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ അന്വേഷണം ആരംഭിക്കുമ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്ന എന്‍ഡിഎയുടെ ഭാഗമായിരുന്നു ഈ നേതാക്കള്‍. അതുകൊണ്ടാണ് കുറ്റരോപിതരുടെ പട്ടികയില്‍ നിന്ന് ഇവര്‍ ഒഴിവാക്കപ്പെട്ടത്. എന്നാല്‍ നിതീഷ് കുറ്റക്കാരാനാണെന്ന് തെളിയിക്കുന്നതിനുളള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ഇപ്പോള്‍ പറയുന്നതായും സിപിഐ എംഎല്‍ ചൂണ്ടിക്കാട്ടുന്നു.
1996ല്‍ പുറത്ത് വന്ന അഴിമതിക്കേസില്‍ ഒരു കൊല്ലത്തിന് ശേഷമാണ് അന്നത്തെ ബീഹാര്‍മുഖ്യമന്ത്രിയായിരുന്ന ലാലു ജയിലില്‍ പോകുന്നത്. എച്ച്.ഡി.ദേവഗൗഡയും ഐ.കെ.ഗുജ്‌റാളും പ്രധാനമന്ത്രമാരായിരുന്ന യുണൈറ്റഡ് ഫ്രണ്ടില്‍ പ്രധാന സഖ്യകക്ഷിയായിരുന്ന തന്നെ അവര്‍ രക്ഷിച്ച് കൊളളുമെന്ന് ലാലു കണക്ക് കൂട്ടി. എന്നാല്‍ മന്ത്രിസഭ നിലംപൊത്തിയതോടെ ലാലുവിന്റെ സ്വപ്‌നങ്ങളും പൊലിഞ്ഞു. തുടര്‍ന്ന് എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റും. എ.ബി.വാജ്‌പേയി സര്‍ക്കാര്‍ അധികാരമേറ്റതോടെ ലാലു കൂടുതല്‍ കഷ്ടത്തിലായി. അതേസമയം എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി നിതീഷ് രക്ഷപ്പെടുകയായിരുന്നു.
സുശീല്‍കുമാര്‍ മോഡി സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയില്‍ വാദിഭാഗം അഭിഭാഷകനായെത്തിയ രവിശങ്കര്‍ പ്രസാദ് നീതിഷ് കുറ്റക്കാരനാണെന്ന് പരസ്യമാക്കി. ലാലുവിന് പിന്നാലെ നിതീഷും ജയിലില്‍ പോകണമെന്ന് നിലപാടെടുത്തു. മൂത്ത സഹോദരന്‍ ജയിലിലായി ഇനി ഇളയസഹോദരന്റെ ഊഴമാണെന്നാണ് ശാസ്ത്രി പാര്‍ട്ടിയോഗത്തില്‍ പ്രഖ്യാപിച്ചത്. നീതിഷിന്റെയും കൂട്ടരുടെയും ജയില്‍ വാസം ഒഴിവാക്കാനാകില്ലെന്നാണ് മുന്‍ഉപമുഖ്യമന്ത്രി കൂടിയായ സുശീല്‍കുമാര്‍ മോഡിയുടെ നിലപാട്.
അതേസമയം ആരോപണങ്ങളെയെല്ലാം പുച്ഛിച്ച് തളളുകയാണ് ശിവാനന്ദ് തിവാരി. ആരോപണങ്ങള്‍ ഏറെ പഴയതാണെന്നും സിബിഐ തങ്ങള്‍ക്കെതിരെ അന്വേഷണത്തിന് മുതിരുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും തിവാരി പറയുന്നതായി ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം നിതീഷ് മന്ത്രസഭയിലെ അംഗമായ ഭീംസിംഗ് പ്രതികരിക്കാന്‍ കൂട്ടാക്കുന്നുമില്ല. നീതിഷ് കുമാര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നത് കേസില്‍ നിന്ന് ഒഴിവാകാനാണെന്ന ആരോപണമാണ് മുതിര്‍ന്ന ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയുയര്‍ത്തുന്നത്. തന്നെ കോണ്‍ഗ്രസിനോട് അടുപ്പിക്കുന്നതെന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാനുളള സമയം അടുത്തെന്നും നീതിഷിനോട് ഇദ്ദേഹം പറയുന്നു.
എല്ലാ കണ്ണുകളും സിബിഐയിലാണ്. എന്ത് മറുപടിയാകും സിബിഐ, കോടതിയ്ക്ക് നല്‍കുക? നീതിഷും കുംഭക്കോണത്തിന് ഇരയാകുമോ ? ബീഹാര്‍ രാഷ്ട്രീയത്തിന്റെ ഭാവി എന്താണ് ?


LATEST NEWS